drdo

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ബോംബ് വെള്ളിയാഴ്ച വ്യോമ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആർ.ഡി.ഒ) ഇന്ത്യൻ വ്യോമസേനയും (ഐ.എ.എഫ്) വിജയകരമായി പരീക്ഷിച്ചു. ഐ.എ.എഫ് യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിച്ച ബോംബ്, നിശ്ചിത പരിധിക്കുള്ളിൽ കൃത്യതയോടെ ദീർഘദൂരത്തിൽ കര അധിഷ്ഠിത ലക്ഷ്യത്തിൽ പതിച്ചതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കി. എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തീകരിച്ചതായും അവർ അറിയിച്ചു.

ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ചിട്ടുള്ള ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം (ഇ.ഒ.ടി.എസ്), ടെലിമെട്രി, റഡാർ എന്നിവയുൾപ്പെടെ നിരവധി റേഞ്ച് സെൻസറുകൾ ബോംബിന്റെ പറക്കലും പ്രകടനവും നിരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡി.ആർ.ഡി.ഒ, ഐ.എ.എഫ് എന്നിവയ്ക്ക് പുറമെ മറ്റ് സംഘാംഗങ്ങളെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇത് സായുധ സേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് തെളിയിക്കുമെന്നും അഭിപ്രായപ്പെട്ടു.

സമീപ വർഷങ്ങളിൽ റഡാറുകളും മിസൈലുകളും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ ഡി.ആർ.ഡി.ഒ വിജയകരമായി വികസിപ്പിച്ചെടുക്കുന്നുണ്ട്. 2021 ഓഗസ്റ്റിൽ, ഐ‌.എ‌.എഫിന്റെ യുദ്ധവിമാനങ്ങളെ ശത്രുക്കളുടെ റഡാർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഡി.ആർ.ഡി.ഒ ഒരു അഡ്വാൻസ്ഡ് ചാഫ് ടെക്നോളജി വികസിപ്പിച്ചെടുത്തിരുന്നു. വിജയകരമായ ഉപയോക്തൃ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വ്യോമസേന ഈ സാങ്കേതികവിദ്യയുടെ ഇൻഡക്ഷൻ പ്രക്രിയ ആരംഭിച്ചു.

2021 ജൂലായിൽ, ശത്രുക്കളുടെ ഡ്രോൺ ആക്രമണത്തെ നിർവീര്യമാക്കാൻ ഡി.ആർ.ഡി.ഒ ഒരു ആന്റി ഡ്രോൺ സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് ശത്രു ഡ്രോണുകളെ കണ്ടെത്തൽ, സോഫ്റ്റ് കിൽ (ഡ്രോണിന്റെ ആശയവിനിമയ ലിങ്കുകൾ തടസപ്പെടുത്തുന്നതിന്), ഹാർഡ് കിൽ (ഡ്രോണിനെ നശിപ്പിക്കാൻ ലേസർ അടിസ്ഥാനമാക്കിയുള്ള ഹാർഡ് കിൽ) എന്നിവയുൾപ്പെടെയുള്ള പ്രത്യാക്രമണങ്ങൾക്ക് കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഇന്ത്യൻ കരസേനയും ഇന്ത്യൻ നാവികസേനയും വ്യോമസേനയും 2021 ഓഗസ്റ്റിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ച ആന്റി ഡ്രോൺ സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.