jnu

ന്യൂഡൽഹി: ജെ.എൻ.യുവിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് സംഘടിപ്പിക്കാനിരുന്ന വെബിനാർ വിവാദത്തിൽ. കാശ്മീരിലെ ഇന്ത്യൻ അധിനിവേശത്തിനെതിരായ ലിംഗപരമായ ചെറുത്തുനിൽപ്പ് എന്നാണ് വെബിനാറിന്റെ അറിയിപ്പിൽ പരാമർശിച്ചിരുന്നത്. പരിപാടി റദ്ദാക്കാൻ ജെ.എൻ.യു ഭരണകൂടം നിർദേശം നൽകിയതായി ജെ.എൻ.യു വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ജെ.എൻ.യു ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, സംഭവം ദൗർഭാഗ്യകരമാണെന്ന് ജെ.എൻ.യു പ്രൊഫസർ ധനഞ്ജയ് സിംഗ് പറഞ്ഞു. കാലക്രമേണ സർവകലാശാല ചിലതരം പ്രചാരണങ്ങളുടെ ഇരയായി മാറിയിരിക്കുന്നതായി അദ്ദേഹം പ്രതികരിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരരിൽ നിന്നും പാകിസ്ഥാനിൽ നിന്നും കാശ്മീരികളെ സംരക്ഷിക്കാനാണ് അതിർത്തിയിൽ നമ്മുടെ സൈനികർ പോരാടുന്നതെന്ന് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഈ പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ എനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Webinar titled 'Gendered Resistance&Fresh Challenges in Post-2019 Kashmir' was to be organised by Centre for Women Studies. The JNU admin instructed the event to be cancelled: JNU VC MJ Kumar

The Notice for webinar mentioned- 'gendered resistance to Indian occupation in Kashmir' pic.twitter.com/dhI2OmRcm3

— ANI (@ANI) October 29, 2021

വെള്ളിയാഴ്ച രാത്രി 8.30നാണ് വെബിനാർ നടത്താനിരുന്നത്. ഭരണഘടനാ വിരുദ്ധമായ വെബിനാർ എന്നാണ് എ.ബി.വി.പി ഇതിനെ വിശേഷിപ്പിച്ചത്. വെബിനാർ വെബ്‌പേജ് ജമ്മു കാശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തെ 'ഇന്ത്യൻ അധിനിവേശ കാശ്മീർ' എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെന്നും അതിൽ ശക്തമായ എതിർപ്പുണ്ടെന്നും അവർ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.