കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സമുദ്രവിഭവങ്ങൾ വളരെ ജനപ്രിയമാണ്. എന്നാൽ കൂടുതൽ പ്രസിദ്ധമായത് പച്ച ഇലകളുള്ള കടൽ പച്ചക്കറികൾ അഥവാ കടൽപ്പായൽ (സീവീഡ്) ആണ്. ഭൂരിഭാഗം മലയാളികൾക്കും ഇവ സുപരിചിതമല്ല. ഇവ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് അങ്ങേയറ്റം സ്വാദിഷ്ടമാണെന്ന് മാത്രമല്ല ഇവയെ സുഷി, സൂപ്പ്, സാലഡ് എന്നിവ അടക്കമുളള വിവിധ വിഭവങ്ങളോടൊപ്പം ഉൾപ്പെടുത്താവുന്നതുമാണ്.
ഭക്ഷ്യയോഗ്യമായ കടൽപ്പായൽ പല രൂപങ്ങളിൽ തീൻ മേശകളിൽ ഇടം പിടിക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. കടൽപ്പായൽ പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. ഇതിൽ ചെറിയ അളവിൽ വിറ്റാമിൻ എ, സി, ഇ, കെ എന്നിവയും ഫോളേറ്റ്, സിങ്ക്, സോഡിയം, കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പച്ച ഇലകളുള്ള കടൽപ്പായലിൽ ഒമേഗ -3 കൊഴുപ്പുകളും വിറ്റാമിൻ ബി 12 ഉം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ശരീരത്തിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉൾപ്പെടെയുള്ള പ്രധാന സസ്യ സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
ദഹനസംബന്ധമായ എല്ലാ അസുഖങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് നാരുകൾ. സൾഫേറ്റഡ് പോളിസാക്രറൈഡുകൾ എന്ന് വിളിക്കപ്പെടുന്ന കടൽപ്പായലിൽ കാണപ്പെടുന്ന പഞ്ചസാരയുടെ പ്രത്യേക രൂപങ്ങൾ 'നല്ല' കുടൽ ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കുകയും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനങ്ങൾക്ക് നിർണായകമായ, അയോഡിന്റെ സമ്പന്നമായ ഉറവിടമായും കടൽപ്പായൽ അറിയപ്പെടുന്നു. എന്നിരുന്നാലും, ഹൈപ്പർതൈറോയിഡിസം ഉളള ആളുകൾ കടൽപ്പായൽ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശത്തോടെ ആകുന്നതാകും ഉത്തമം. കടൽപായൽ നിങ്ങളുടെ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ, നാരുകളുടെ മികച്ച ഉറവിടമായ കടൽപ്പായൽ പ്രമേഹത്തിന്റെ അപകടസാദ്ധ്യത നിയന്ത്രിക്കാനും സഹായിക്കും. കടലിലെ ഫ്യൂകോക്സാന്തിൻ, ആൽജിനേറ്റ് തുടങ്ങിയ സംയുക്തങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹ സാദ്ധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു.