പാലക്കാട്: ജില്ലയിൽ രണ്ടിടത്ത് ലോക്കൽ കമ്മിറ്റികൾ വിഭജിക്കാനുളള തീരുമാനത്തിനെതിരെ പാർട്ടി അംഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയും സമ്മേളനസ്ഥലത്തെ മേശയും കസേരയും തകർക്കുകയും ചെയ്‌ത സംഭവത്തിൽ നടപടിയുമായി സിപിഎം. വാളയാർ, എലപ്പുളളി ലോക്കൽ കമ്മിറ്റികളും പുതുശേരി ഏരിയ കമ്മിറ്റിയും വിഭജിക്കാനുളള തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കി. മാത്രമല്ല വാളയാർ സംഘർഷം അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാമകൃഷ്‌ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.എൻ സുരേഷ് ബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സംഘർഷം നടന്ന സ്ഥിതിയ്‌ക്ക് അവശേഷിക്കുന്ന ലോക്കൽ സമ്മേളനങ്ങൾ കർശന നിരീക്ഷണത്തോടെ ചേരാനാണ് സിപിഎം തീരുമാനം. പുതുശേരി ഏരിയാ സമ്മേളനം നവംബർ 27,28 തീയതികളിലാണ്. ഇവിടെ രൂക്ഷമായ വിഭാഗീയതയാണെന്നും ഇതിന്റെ ഫലമാണ് സംഘർഷമുണ്ടായതെന്നും മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകി. തുടർന്നാണ് പാർട്ടി കമ്മിറ്റികളുടെ വിഭജനം വേണ്ടെന്നുവച്ചത്.