pump

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരന് തിരിച്ചടിയായി ഇന്ധനവിലക്കയറ്റം തുടരുന്നു. പ്രതിദിനം 30 പൈസയോളം പെട്രോളിനും ഡീസലിനും വർദ്ധിക്കുന്നത് ഇന്നും ആവർത്തിക്കുകയാണ്. പെട്രോൾ ലി‌റ്ററിന് 35 പൈസ വർദ്ധിച്ചപ്പോൾ ഡീസലിന് 37 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലി‌റ്ററിന് 111.29 രൂപയായി. കോഴിക്കോട് 109.52 ആണ് പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 104.98 ആണ് ലി‌റ്ററിന് വില.

രാജ്യതലസ്ഥാനത്ത് പെട്രോളിനും ഡീസലിനും 35 പൈസ വീതമാണ് കൂടിയത്. 108.99 രൂപയാണ് ഡൽഹിയിൽ പെട്രോൾ വില. ഡീസലിന് 97.72 രൂപയും. മുംബയിൽ പെട്രോൾ 114.81 രൂപയും ഡീസലിന് 105.86 രൂപയുമായി.

അന്താരാഷ്‌ട്ര വിപണിയിലെ ഉയർന്ന വിലയാണ് രാജ്യത്ത് പെട്രോൾ വില ഉയർന്ന് നിൽക്കാൻ കാരണം. രാജ്യത്ത് ഏ‌റ്റവുമധികം പെട്രോളിന് വിലയുള‌ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. ഇവിടെ ലി‌റ്ററിന് 120 രൂപ കടന്നിരിക്കുകയാണ്. വിവിധ എണ്ണ കയ‌റ്റുമതി രാജ്യങ്ങളുമായി കരാറിലെത്താൻ കേന്ദ്ര സ‌ർക്കാർ ശ്രമം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഉടനടി വിലക്കുറവ് ഉണ്ടാകാനുള‌ള സാഹചര്യം നിലവിലില്ലെന്നാണ് ലഭ്യമായ വിവരം.