ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നാമത് ഷട്ടർ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ കുറവില്ല. ഇപ്പോഴും 138 അടിയായി ജലനിരപ്പ് തുടരുകയാണ്. അഞ്ചാമത്തെ ഷട്ടറാണ് ഇന്നലെ രാത്രി തുറന്നത്. ഇതോടെ 3,4,5 എന്നീ ഷട്ടറുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. സെക്കന്റിൽ 825 ഘനയടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലൂടെ ആകെ പുറത്തുവിടുന്നത്. പെരിയാറിലെ ജലനിരപ്പും ഒന്നരയടി വർദ്ധിച്ചു. റവന്യുമന്ത്രി കെ.രാജൻ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
ഇന്നലെ രാവിലെ 3,4 ഷട്ടറുകൾ 35 സെ.മീ വീതം ഉയർത്തി 534 ഘനയടി വെളളം തുറന്നുവിട്ടു. രാത്രിയോടെ ഇത് 825 ഘനയടിയായി. 2018ലെ പ്രളയസമയത്തിന് ശേഷം ഇതാദ്യമായാണ് മുല്ലപ്പെരിയാർ ഡാം തുറക്കുന്നത്. ഡാമിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തുറന്നുവിടുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.3 അടിയിൽ താഴെയായതോടെ ഇവിടെ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ ജാഗ്രത തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ന് സംസ്ഥാനത്ത് ഇടുക്കി ഉൾപ്പടെ 12 ജില്ലകളിൽ മഴ ശക്തമാകുന്നതിന്റെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്.