rainy-disease

മഴക്കാലം രോഗങ്ങളുടേയും കാലമാണ്. അവയിൽ നിന്ന് ഒരു സംരക്ഷണകവചം തീർക്കേണ്ടത് അനിവാര്യവുമാണ്. ജലദോഷവും പനിയും ചുമയും കഫക്കെട്ടും പകർച്ചവ്യാധിയും വേദനയുമെല്ലാം വർദ്ധിക്കാതിരിക്കാൻ മഴക്കാലത്തിന്റെ തുടക്കത്തിലെ തന്നെ ശ്രദ്ധ വേണം.

ഏതൊക്കെ ഔഷധങ്ങളുപയോഗിച്ച് മഴക്കാലരോഗങ്ങളെ തടയാമെന്ന് അറിഞ്ഞിരുന്നാൽ നിലവിലുള്ളരോഗങ്ങൾ വർദ്ധിക്കാതിരിക്കാൻ

കൂടി ഉപകാരപ്പെടും.

നമുക്കുചുറ്റും കാണുന്ന ഔഷധദ്രവ്യങ്ങളും വീട്ടിൽ കാണുന്ന ഗൃഹൗഷധികളും ആയുർവേദമരുന്നു കടകളിൽ നിന്ന് വാങ്ങാവുന്ന മരുന്നുകളും ഇതിനായി ഉപയോഗിക്കാം. ഒറ്റയ്ക്കും കോമ്പിനേഷനുകൾ അഥവാ യോഗങ്ങളായും ഇവ ഉപയോഗിക്കാവുന്നതാണ്. ആയുർവേദത്തിൽ ഡിഗ്രിയുള്ള ഒരു ഡോക്ടറുടേയോ സ്ഥാപനത്തിന്റേയോ സേവനം ഇതിനായി ഉപയോഗപ്പെടുത്താം. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽനിന്ന് ഔഷധങ്ങൾ സൗജന്യമായിട്ടാണ് ലഭിക്കുന്നത്.

മഴക്കാലത്ത് കുടിവെള്ളം ശുദ്ധവും തിളപ്പിച്ച് വറ്റിച്ചതും ആയിരിക്കണം.വെള്ളം പകുതി അളവാക്കി വറ്റിക്കണമെന്ന നിർദ്ദേശമാണ് ആയുർവേദത്തിനുള്ളത്. അതിനായി ഷഡംഗചൂർണ്ണം എന്ന മരുന്നാണ് നൽകുന്നത്. ഈ പൊടിയിട്ട് വെള്ളം തിളപ്പിക്കുകയാണ് വേണ്ടത്. വെള്ളം മാത്രമായി തിളപ്പിച്ചോ വെട്ടിത്തിളപ്പിച്ചോ ഉപയോഗിച്ചാൽ ലഭിക്കുന്നതിനേക്കാൾ ഗുണം ഔഷധചൂർണ്ണം ചേർത്ത് കുടിക്കുന്നവയ്ക്ക് ലഭിക്കും. ആയതിനാൽ ഔഷധചൂർണ്ണം ചേർത്ത് തിളപ്പിക്കുമ്പോൾ ഒരുലിറ്റർ വെള്ളത്തിൽ പത്ത് ഗ്രാം പൊടിയെങ്കിലും ചേർത്ത് അടച്ച് തിളപ്പിക്കുകയും തിളച്ച് തുടങ്ങുമ്പോൾ മൂടി അഥവാ അടപ്പ് മാറ്റി പകുതിയാക്കിവറ്റിച്ച് അരിച്ച് തണുത്തശേഷം കുടിക്കുകയും ചെയ്യാം. ഇത് ദഹനത്തെ വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ താപനില കുറയാതെ സംരക്ഷിക്കുകയും വർദ്ധിക്കുന്ന കഫരോഗങ്ങളെ ചെറുക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി നൽകുകയും ചെയ്യും.

ചുക്ക്,ജീരകം,അയമോദകം, കൃഷ്ണതുളസി തുടങ്ങിയവ പ്രത്യേകമായി പൊടിച്ചോ ചതച്ചോചേർത്തും മേൽപ്പറഞ്ഞവിധത്തിൽ കുടി വെള്ളം തയ്യാറാക്കാം.ആയുർവേദം അനുശാസിക്കുന്ന ഈ തോയപാകവിധി അനുസരിക്കുന്നത് തന്നെയാണ് ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ നല്ലത്.

ചായയോ കാപ്പിയോ ഗ്രീൻ ടീയോ തയ്യാറാക്കുന്നതിനേക്കാൾ വളരെയെളുപ്പം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ് ഡിക്കോക്ഷൻ അഥവാ കഷായം. മഴക്കാലരോഗങ്ങൾ ഒഴിവാക്കാൻ കഷായമിട്ട് കുടിക്കാവുന്ന നിരവധി ഔഷധക്കൂട്ടുകൾ ആയുർവേദ സ്ഥാപനങ്ങളിൽനിന്ന് നൽകിവരുന്നു. പൊതുവേ ഇന്ദുകാന്തം ചൂർണ്ണം,ദശമൂലകടുത്രയം ചൂർണ്ണം,അമൃതോത്തരം ചൂർണ്ണം,പഥ്യാദിചൂർണം തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോരുത്തരുടേയും പ്രത്യേകതകൾക്കും രോഗാവസ്ഥകൾക്കും അനുസരിച്ച് ഔഷധ യോഗങ്ങൾക്ക് മാറ്റം വരാം. മഴക്കാലത്തുണ്ടാകുന്ന ഏതെങ്കിലും രോഗാവസ്ഥയുള്ളവരുമായോ പകർച്ചവ്യാധികൾ ബാധിച്ചവരുമായോ പ്രാഥമികസമ്പർക്കമുണ്ടെങ്കിൽമാത്രമേ ഇത്തരം ഔഷധങ്ങൾകൂടി ഉപയോഗപ്പെടുത്തണമെന്ന് നിർബന്ധമുള്ളൂ. കഷായ ചൂർണ്ണങ്ങളായും സൂക്ഷ്മ ചൂർണ്ണങ്ങളായും ഇവ ലഭ്യമാണ്. രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനായി ഇതേ ഔഷധങ്ങൾ കരുപ്പെട്ടി,മല്ലി,ജീരകം, പനികൂർക്കയില,തുളസിയില തുടങ്ങിയവ ചേർത്ത് ചുക്ക്കാപ്പിപോലെയിട്ട് ഉപയോഗിക്കാവുന്നതാണ്.

കഷായം ഉണ്ടാക്കുന്നതിനായി രണ്ട് ടീസ്പൂൺ സൂക്ഷ്മ ചൂർണ്ണം 300 മില്ലി വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കി വറ്റിക്കണം. രണ്ടുനേരം കുടിക്കാം. ആഹാരത്തിന് അരമണിക്കൂർമുമ്പോ അസിഡിറ്റി മുതലായ പ്രശ്നങ്ങളുള്ളവർക്ക് ആഹാരംകഴിച്ച് ഒരു മണിക്കൂറിന്ശേഷമോ ഉപയോഗിക്കാം.നന്നായി തിളപ്പിച്ച ഒരുഗ്ലാസ് വെള്ളത്തിൽ രണ്ട്ടീസ്പൂൺ പൊടി ചേർത്തിളക്കിവച്ചിരുന്ന് കുടിക്കാവുന്നരീതിയിൽ ചൂടാറുമ്പോൾ ഉപയോഗിക്കുകയും ചെയ്യാം.

തൊണ്ടവേദനയോ ചുമയോ ഉണ്ടെങ്കിൽ ആയുർവേദ ഡിസ്പെൻസറികളിൽ നിന്ന് ലഭിക്കുന്ന താലീസപത്രാദി ചൂർണ്ണം ഉപയോഗിക്കാവുന്നതാണ്. പ്രമേഹരോഗമുള്ളവർക്ക് ഇതിന് പകരം കർപ്പൂരാദി ചൂർണ്ണം ഉപയോഗിക്കാം.

നീർപിടുത്തത്തിന് പ്രയോജനപ്പെടുന്ന രാസ്നാദിചൂർണം തണുപ്പുള്ളവെള്ളത്തിൽ കുളിക്കുന്നവരും മഴനനഞ്ഞവരും ജലദോഷമുള്ളവരും ആവശ്യമനുസരിച്ച് നെറുകയിൽ തിരുമ്മുന്നത് നല്ലതാണ്. തൊണ്ടവേദനയ്ക്കും തലവേദനയ്ക്കും മൂക്കടപ്പിനും പുരട്ടാനുള്ള ലേപവും സന്ധിവേദനകൾക്ക് പുരട്ടാനുള്ള
ലേപവും തൈലവും സൗജന്യമായിത്തന്നെ ലഭിക്കും.

അന്തരീക്ഷത്തിലെ ഈർപ്പം കാരണം ഫംഗസും ബാക്ടീരിയകളും വർദ്ധിക്കുന്നത് പലവിധ രോഗങ്ങൾക്ക് കാരണമാകാം.അവയെ നിയന്ത്രിക്കുന്നതിനുള്ള അപരാജിത ധൂമചൂർണ്ണം തീക്കനലിൽ കുറേശ്ശെ ഇട്ട് പുകയ്ക്കുന്നതിനായി നൽകിവരുന്നു. തുടർച്ചയായ ദിവസങ്ങളിലോ ഒന്നിരാടം ദിവസങ്ങളിലെങ്കിലുമോ ഈ വിധത്തിൽ പുകയ്ക്കുന്നത് കൊതുകിന്റെ സാന്ദ്രത തടയുന്നു. ഉപദ്രവകാരികളായ സൂക്ഷ്മാണുക്കൾക്ക്
വളരാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നു.

ഓരോ രോഗത്തിനുമനുസരിച്ചുള്ള അരിഷ്ടങ്ങളും ഗുളികകളും ലേഹ്യങ്ങളുമെല്ലാം കേരളത്തിൽ ആയിരത്തിലധികമുള്ള ആശുപത്രികളിലൂടെയും ഡിസ്പെൻസറികളിലൂടെയും വിതരണം ചെയ്തു വരുന്നു. അവ പ്രയോജനപ്പെടുത്താൻ ശ്രദ്ധകാണിക്കുമെങ്കിൽ ചികിത്സയ്ക്കായി ചെലവഴിക്കുന്ന വലിയൊരു സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കാനാകും. മാത്രമല്ല, ആയുർവേദ ചികിത്സാ രീതികളിലൂടെയുള്ള ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിയാൽ ഗുണമേന്മയുള്ള ആരോഗ്യം ഉറപ്പാക്കാനും സാധിക്കും.