ന്യൂഡൽഹി: കൊവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ ടിക്കറ്റിന് പകരമുളള ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31 വരെയെന്ന് അധികൃതർ അറിയിച്ചു. ഈ ടിക്കറ്റുകൾ ഡിസംബർ 31നകം യാത്രക്കാർ ഉപയോഗിച്ചിരിക്കണം. ടിക്കറ്റ് തുകയുടെ അധികം വരുന്ന തുക യാത്രക്കാർ നൽകുകയും വേണം. എന്നാൽ ട്രാവൽ വൗച്ചറുകൾ ലഭിച്ചവർ ആവശ്യപ്പെട്ടാൽ അതിന്റെ കാലാവധി നീട്ടിനൽകും. യാത്ര ചെയ്യാൻ സാധിക്കാത്തവർ എയർ ഇന്ത്യയുടെ കസ്‌റ്റമർ സപ്പോർട്ടിലേക്ക് മെയിലയച്ചാൽ കാലാവധി നീട്ടിനൽകും.
ടിക്കറ്റ് റദ്ദാക്കിയാൽ ക്യാൻസലേഷൻ തുക കിഴിച്ച് ബാക്കി തുകയാണ് ലഭിക്കുക. വ്യക്തികളായും ട്രാവൽ ഏജൻസിയായും ടിക്കറ്റ് എടുത്തവരിൽ ട്രാവൽ ഏജൻസി വഴിയുളള 15 ശതമാനത്തോളം പേർക്ക് ടിക്കറ്റ് തുക ഇപ്പോഴും തിരികെ ലഭിക്കാനുണ്ട് റദ്ദാക്കിയ വിമാന ടിക്കറ്റിന് പകരമുളള വിമാനടിക്കറ്റിൽ ഡിസംബറിൽ പോയി ജനുവരിയിൽ മടങ്ങിവരുന്നവരുണ്ടെങ്കിൽ ആ വിവരവും പ്രത്യേകമായി അറിയിക്കണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.