വാഷിംഗ്ടൺ: കൊവിഡിന്റെ ഉറവിടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഏറ്റുപറഞ്ഞ് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ട വിശദമായ റിപ്പോർട്ടിലാണ് കൊവിഡ് 19ന്റെ ഉത്ഭവം കണ്ടെത്താൻ കഴിയില്ലെന്ന് അറിയിച്ചത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകർന്നതാണോ അതോ ലാബിൽ നിന്ന് ചോർന്നതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല എന്ന് രഹസ്യാന്വേഷണ ഏജൻസി അറിയിക്കുകയായിരുന്നു.
കൊവിഡ് 19ന്റേത് സ്വഭാവിക ഉത്ഭവമാകാമെന്നും അല്ലെങ്കിൽ ലാബിൽ നിന്ന് ചോർന്നതായി രണ്ട് രീതിയിലും അനുമാനിക്കാമെന്നും അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസി ഡയറക്ടറുടെ കാര്യാലയം വെളിപ്പെടുത്തി. കൊവിഡ് 19 ജൈവായുധമാണെന്ന ആരോപണങ്ങളും ഏജൻസി തള്ളി. പ്രസിഡന്റ് ജോ ബൈഡൻ സർക്കാർ ഓഗസ്റ്റിൽ പുറത്തിറക്കിയ തൊണ്ണൂറ് ദിന അവലോകന കുറിപ്പിന്റെ തുടർച്ചയായാണ് പുതിയ അറിയിപ്പ് രഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ടത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് 19നെ ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു.
വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഒരു പ്രത്യേക പാതയിലൂടെ പകർന്നെന്നോ, വുഹാനിലെ പരീക്ഷണശാലയിൽ കൊവിഡുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടന്നെന്നോ തെളിയിക്കുന്ന പുതിയ വിവരങ്ങൾ ലഭിക്കാതെ കൃത്യമായ വിശദീകരണം നൽകാനാകില്ലെന്ന് രഹസ്യാന്വേഷണ ഏജൻസി പറഞ്ഞു. യു എസ് ഏജൻസികൾക്കും ആഗോള ശാസ്ത്ര സമൂഹത്തിനും സാമ്പിളുകളെപ്പറ്റിയോ കൊവിഡ് 19ന്റെ ആദ്യകാല കേസുകളിൽ നിന്ന് അവയുടെ സാംക്രമിക രോഗസാദ്ധ്യതകളെപ്പറ്റിയോ ധാരണയില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു.