തിരുവനന്തപുരം: പാർട്ടിയെയും സർക്കാരിനെയും വിമർശന ശരങ്ങൾക്കിടയാക്കിയ ദത്ത് വിവാദത്തിൽ അനുപമ ചന്ദ്രനും ഭർത്താവ് അജിത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. 'കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികൾ ഉണ്ടാകുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക.' മന്ത്രി പറഞ്ഞു. ഇതുംപോരാഞ്ഞ് വളരെ ചെറുപ്പമായൊരു കുട്ടിയെ വീണ്ടും പ്രേമിച്ച് ആ കുട്ടിയ്‌ക്കും ഒരു കുട്ടിയുണ്ടാക്കി കൊടുത്തു. അത് ചോദ്യം ചെയ്‌ത അച്ഛൻ ജയിലിൽ പോകണം എന്ന് പറയുന്നതായി മന്ത്രി വിമർശിച്ചു.
തനിക്കും മൂന്ന് പെൺകുട്ടികളുണ്ടെന്നും വളർത്തി പഠിപ്പിച്ച് സ്ഥാനത്തെത്തിക്കുമ്പോൾ ആ പെൺകുട്ടി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞുപോയതെന്നും അച്ഛന്റെയും അമ്മയുടെയും മനോനില കൂടി കുട്ടി മനസിലാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നാട്ടിലെ ലൈംഗികതയെ കുറിച്ചും മദ്യശാലകൾക്കെതിരായ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ പരിപാടിയിൽ പങ്കെടുക്കവെയാണ് സജി ചെറിയാൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
സ്‌പെയിനിൽ ലക്ഷക്കണക്കിന് മദ്യശാലകളുളളതിനാൽ അവിടെ ആവശ്യക്കാർ വാങ്ങുന്നതായും ഇവിടെ മദ്യശാല തുടങ്ങിയാൽ സമരമാണെന്നും സജി ചെറിയാൻ പറഞ്ഞു. സ്‌പെയിനിൽ ടൂറിസം സെക്‌സ് ടൂറിസമാമെന്നും ഇവിടെ സെക്‌സ് എന്ന് പറഞ്ഞാൽ തന്നെ പൊട്ടിത്തെറിയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിയമം മൂലം ക്യാമ്പസിൽ സംഘടനാ പ്രവർത്തനം പുന:സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.