up-police-gunned-most-wan

ഉത്തർപ്രദേശ്: യുപി യിലെ കുപ്രസിദ്ധകുറ്റവാളികളെ കണ്ടെത്തുന്നതിനായി പൊലീസിന്റെ സ്പെഷ്യൽ ഫോഴ്സിന്റെ നിരന്തര അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചയോടെ ചിത്രകൂട വനമേഖലയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ പ്രമുഖ കുറ്റവാളി പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഗൗരി യാദവാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. യുപി പൊലീസ് ഗൗരി യാദവിന്റെ തലയ്ക്ക് അഞ്ചരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്ന് പുലർച്ചെ യുപി പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗൗരി യാദവ് വെടിയേറ്റ് മരിച്ചതെന്ന് എസ്ടിഎഫ് അഡിഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് പറഞ്ഞു.

ചിത്രകൂട് ജില്ലയിലെ ബഹിൽപൂർവ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മുദാബണ്ട് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ വെച്ചാണ് യാദവ് വെടിയേറ്റ് മരിച്ചത്. യാദവും സംഘത്തിലെ മറ്റ് അംഗങ്ങളും രാത്രിയിൽ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ശക്തമായ ഏറ്റുമുട്ടലിൽ ഡക്കോയിറ്റ് ഗുണ്ടാ നേതാവായ ഗൗരി യാദവ് കൊല്ലപ്പെട്ടു. സംഘത്തിലെ മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു എന്ന് എഡിജി പറഞ്ഞു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് രണ്ട് തദ്ദേശ നിർമിത ആയുധങ്ങളും നിർജീവവും അല്ലാത്തതുമായ സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഇതിനു പുറമെ ഒരു എകെ 47 തോക്കും ഒരു ട്വൽവ് ബോർ തോക്കും എസ്ടിഎഫ് കണ്ടെടുത്തതായും എഡിജി പറഞ്ഞു.

ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലും യാദവിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 20 ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംപി പൊലീസ് ഇയാളുടെ പേരിൽ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.