ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139 അടിയിലേക്ക് അതിവേഗം അടുക്കുകയാണ്. 11 മണിയോടെ 30 സെന്റീമീറ്റർ ഉയർത്തിയിരുന്ന ഷട്ടറുകൾ 65 സെന്റീമീറ്റർ ഉയർത്തി കൂടുതൽ വെളളം ഒഴുക്കി തുടങ്ങി. സെക്കന്റിൽ 825 ഘനയടി വെളളമാണ് ഒഴുക്കിയിരുന്നത്. ഇത് ഇരട്ടിയോളമാകും. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയരും.
ഇന്ന് വൈകുന്നേരം നാല് മണിയോടെ തേക്കടി പെരിയാർ ഹൗസിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തും.രണ്ട് ഷട്ടറുകൾ കഴിഞ്ഞ ദിവസം പകലും മൂന്നാം ഷട്ടർ രാത്രിയിലും ഉയർത്തിയെങ്കിലും അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. പുലർച്ചെ 138 അടിയോളമായി തന്നെ തുടരുകയായിരുന്നു ജലനിരപ്പ്. റവന്യുമന്ത്രി കെ.രാജൻ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
റൂൾ കർവ് അനുസരിച്ച് ഡാമിന്റെ സംഭരണ ശേഷി 138 അടിയാണ്. മന്ത്രി റോഷി അഗസ്‌റ്റിനും തേക്കടിയിൽ ക്യാമ്പ് ചെയ്‌ത് സ്ഥിതി വിലയിരുത്തുന്നുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പിൻവലിച്ചിരിക്കുകയാണ്. ഇവിടെ 2398.3 അടിയിൽ താഴെയാണ് ജലനിരപ്പ്.