മുംബയ്: ഒരു മാസത്തോളം നീണ്ട ജയിൽ വാസത്തിനു ശേഷം ഇന്ന് മോചിതനായ താരപുത്രൻ ആര്യൻ ഖാന് വമ്പൻ വരവേൽപ്പ് നൽകി ഷാരൂഖ് ഖാന്റെ ആരാധകർ. ഷാരൂഖിന്റെ മുംബയിലെ വീടായ മന്നത്തിൽ മടങ്ങിയെത്തിയ ആര്യൻ ഖാനെ കാത്ത് നിരവധി പോരാണ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയത്. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെ അവർ വീടിന് പുറത്ത് ഒരുക്കി.
കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും എന്നായിരുന്നു മിക്ക ബാനറുകളിലും എഴുതിയിരുന്നത്. ഷാരൂഖ് ഖാന്റെ പടമുള്ള ടീ ഷർട്ടും അണിഞ്ഞു കൊണ്ടാണ് മിക്കവരും മന്നത്തിനു മുന്നിൽ എത്തിയത്. ആര്യൻ ഖാൻ നിരപരാധിയായിരുന്നുവെന്നും അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ഒരു ആരാധകൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഏഴു ദിവസമായി തങ്ങൾ ഇതു പോലെ ഷാരൂഖിന്റെ വീട്ടിൽ വന്ന് കാത്തിരിക്കുകയായിരുന്നുവെന്നും ആരാധകർ വ്യക്തമാക്കി.
അതേസമയം ജയിൽ മോചിതനായ ആര്യൻ ഖാൻ അടുത്ത ഒരാഴ്ച വീട്ടിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഷാരൂഖിന്റെ കുടുംബവുമായി ബന്ധപ്പെട്ടവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വീടിന് പുറത്തുള്ള പാപ്പരാസികളുടെ ശല്ല്യം കാരണമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ സൽമാൻ ഖാൻ അടക്കമുള്ള മറ്റ് താരങ്ങളോടും ആര്യനെ കാണുന്നതിന് വേണ്ടി മന്നത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ഷാരൂഖ് അഭ്യർത്ഥിച്ചതായി സൂചനയുണ്ട്.