മുംബയ്: അപ്രതീക്ഷിതമായുണ്ടായ പുനീത് രാജ്‌കുമാറിന്റെ ദേഹവിയോഗത്തിന്റെ നടുക്കത്തിലാണ് രാജ്യത്തെ മിക്ക ചലച്ചിത്ര ആരാധകരും. ബോളിവുഡ് ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചനും പുനീതിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ട്വിറ്ററിലെ പോസ്‌റ്റിലൂടെയാണ് ബച്ചൻ തന്റെ ദു:ഖം അറിയിച്ചത്.
കുടുംബവുമായി വളരെയടുപ്പമുളള വേണ്ടപ്പെട്ട രണ്ടുപേർ വിട്ടുപോയി. പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും ദിനമാണിത്. എന്നാണ് ബച്ചൻ കുറിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയാണ് പവർസ്‌റ്റാർ എന്ന് കന്നഡ സിനിമാലോകത്ത് അറിയപ്പെടുന്ന പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് രണ്ടുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
പതിവ് വ്യായാമത്തിനിടെയായിരുന്നു താരത്തിന് അന്ത്യം സംഭവിച്ചത്. പുനീതിന്റെ അപ്രതീക്ഷിത വേർപാട് ചലച്ചിത്ര പ്രവർത്തകരും ആരാധകരും ഞെട്ടലോടെയാണ് അറിഞ്ഞത്. മൃതദേഹം ഇപ്പോൾ ബംഗളൂരു കണ്‌ഠീരവ സ്‌റ്റുഡിയോയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാൻ ജനക്കൂട്ടം ഒഴുകിയെത്തുകയാണ്. പലരും ദു:ഖം അടക്കാനാവാതെ പൊട്ടിക്കരയുകയാണ്.
ഇന്ന് സംസ്‌കാരം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ആദ്യം അറിയിച്ചെങ്കിലും ഞായറാഴ്‌ച അമേരിക്കയിൽ നിന്നും മകൾ എത്തിയ ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും പുനീതിന്റെ സംസ്‌കാരം.