puneeth-rajkumar

ബംഗളുരു: ഇന്നലെ അന്തരിച്ച കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു. വർഷങ്ങൾക്കു മുമ്പ് തന്റെ പിതാവിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച ഡോ രാജ്കുമാർ നേത്ര ബാങ്കിനാണ് പുനീതിന്റെ കണ്ണുകൾ കൈമാറിയത്. നേത്ര ബാങ്കിന്റെ ഉദ്ഘാടന സമയത്ത് തന്നെ രാജ്കുമാറും കുടുംബാംഗങ്ങളും തങ്ങളുടെ കണ്ണുകൾ മരണശേഷം ദാനം ചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു. ആ വാക്കാണ് പുനീതിന്റെ മരണശേഷം കുടുംബാംഗങ്ങൾ പാലിച്ചിരിക്കുന്നത്.

അതീവ ദുഖത്തിലായിരുന്നിട്ടു കൂടി പുനീതിന്റെ സഹോദരൻ രാഘവേന്ദ്ര രാജ്കുമാർ തങ്ങളെ ബന്ധപ്പെടുകയും താരത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നതായി അറിയിച്ചതായും ഡോ രാജ്കുമാർ നേത്ര ബാങ്കിന്റെ തലവൻ ഡോ ഭുജാംഗ് ഷെട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉച്ചക്ക് 2.30ന് ഡോക്ടർമാർ പുനീതിന്റെ മരണം സ്ഥിരീകരിക്കുകയും 2.45ന് അദ്ദേഹത്തിന്റെ കണ്ണുകൾ മാറ്റുകയും ചെയ്തതായി ഭുജാംഗ് ഷെട്ടി അറിയിച്ചു.

1994ലാണ് നേത്ര ബാങ്ക് ആരംഭിക്കുന്നത്. ഉദ്ഘാടന വേളയിൽ കുടുംബസമേതമായി പങ്കെടുത്ത രാജ്കുമാർ വേദിയിൽ വച്ച് തന്നെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതം അറിയിച്ചിരുന്നുവെന്ന് ഡോക്ടർ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന കുടുംബാംഗങ്ങളും തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. രാജ്കുമാർ കുടുംബത്തിൽ നിന്ന് കണ്ണുകൾ ദാനം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാർ. നേരത്തെ അദ്ദേഹത്തിന്റെ പിതാവ് രാജ്കുമാറും മാതാവ് പർവതമ്മയും മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു.