ബംഗളൂരു: ഇന്നലെ ബംഗളൂരുവിൽ അവിചാരിതമായി വിടവാങ്ങിയ സൂപ്പർതാരം പുനീത് രാജ്‌കുമാറിനെ അവസാനമായി ഒരുനോക്കു കാണാൻ നടൻ ശരത് കുമാറെത്തി. അൽപനേരം പുനീതിന്റെ മൃതദേഹത്തിൽ നോക്കിയ ശരത് കുമാർ തുടർന്ന് ദു:ഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
ശരത് കുമാറുൾപ്പടെ സിനിമ ലോകത്തെ പ്രമുഖരും പൊതുജനങ്ങളുമടക്കം വൻ ജനാവലിയാണ് പുനീതിനെ അവസാനമായി കാണാൻ കണ്‌ഠീരവ സ്‌റ്റേഡിയത്തിൽ എത്തിയത്. പലരും ദു:ഖം താങ്ങാനാകാതെ കരയുകയായിരുന്നു.
വെളളിയാഴ്‌ച ആരോഗ്യസ്ഥിതി അൽപം മോശമായിരുന്നിട്ടും ശനിയാഴ്‌ച പതിവ് വർകൗട്ടിനായി ജിമ്മിലെത്തിയപ്പോഴാണ് പുനീതിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് 10 മിനുട്ടിനകം ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുമണിയോടെ 46 വയസുകാരനായ നടൻ വിടവാങ്ങി.
കണ്‌ഠീരവ സ്‌റ്റുഡിയോയിൽ അച്ഛനും കന്നട ചലച്ചിത്ര ലോകത്തെ ഇതിഹാസ താരവുമായ രാജ്‌കുമാറിന്റെ ശവകുടീരത്തിനടുത്ത് തന്നെയാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. മകൾ അമേരിക്കയിൽ നിന്നും എത്തിയ ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്‌ച സംസ്‌കാരം നടക്കും.