modi-pope

വത്തിക്കാൻ സിറ്റി: മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നിന്ന് മടങ്ങി. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. വത്തിക്കാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. കൂടിക്കാഴ്ചക്കിടെ താൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കുന്നതിനായി ക്ഷണിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇതിനു മുമ്പ് 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

At the Vatican City, PM @narendramodi had a meeting with Pope Francis. @Pontifex pic.twitter.com/o9OobfIBkL

— PMO India (@PMOIndia) October 30, 2021

രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡ് നിമിത്തം രാജ്യത്തുണ്ടായ മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പുറമേ ദാരിദ്ര്യ നിർമാർജനവും കാലാവസ്ഥാ വ്യതിയാനവും ഇരുവരുടേയും ചർച്ചകളിൽ വിഷയമായി കടന്നു വന്നതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2000ൽ അടൽ ബിഹാരി വാജ്പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്റാൾ എന്നീ പ്രധാനമന്ത്രിമാർ ആണ് ഇതിനു മുമ്പ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ.

ഇരുവരും ചർച്ച ചെയ്ത വിഷയങ്ങളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് അറിവ്. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് സൗഖ്യം നേർന്നുകൊണ്ട് മാർപാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. കൊവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യ ഏകദേശം കരകയറുന്ന അവസരത്തിലാണ് മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.