ദുബായ്: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യക്കകത്തും പുറത്തും നിരവധി ആരാധകരുണ്ടെന്നത് രഹസ്യമല്ല. ലോകകപ്പിലെ ആദ്യ മത്സരത്തിനു ശേഷം ധോണി പറയുന്നത് കൈയും കെട്ടി നിന്ന് കേൾക്കുന്ന പാകിസ്ഥാൻ താരങ്ങളുടെ ചിത്രം വൈറലായിരുന്നു. ഇപ്പോൾ അതിൽ നിന്നും ഒരു പടി കൂടി കടന്ന് ധോണിയുടെ പ്രസിദ്ധമായ ഗൺഷോട്ട് ആഘോഷം അനുകരിച്ചിരിക്കുകയാണ് പാകിസ്ഥാൻ താരം ആസിഫ് അലി.
ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന്റെ വിജയറൺ നേടിയശേഷമായിരുന്നു ആസിഫ് അലിയുടെ ആഹ്ളാദപ്രകടനം. ബാറ്റ് തോക്കു പോലെ പിടിച്ച ശേഷം അതിൽ നിന്നും വെടിയുതിർക്കുന്നതു പോലെ അഭിനയിച്ചാണ് ഗൺഷോട്ട് ആഘോഷം നടത്തുന്നത്. ധോണിയാണ് ആദ്യമായി ഇത്തരമൊരു ആഘോഷം ക്രിക്കറ്റ് കളത്തിൽ അവതരിപ്പിക്കുന്നത്.
2005ൽ ശ്രീലങ്കക്കെതിരെ ജയ്പൂരിൽ നടന്ന മത്സരത്തിലാണ് ധോണി ആദ്യമായി ഗൺഷോട്ട് ആഘോഷം പുറത്തെടുക്കുന്നത്. അതിനു ശേഷവും നിരവധി തവണ ഇന്ത്യൻ താരം ഈ ആഘോഷം നടത്തിയിരുന്നു.
രണ്ടാമത്തെ ഗ്രൂപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 5 വിക്കറ്റിന് കീഴടക്കിയാണ് പാകിസ്ഥാൻ സെമി ഏറെക്കുറെ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ ആറ് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (148/5).