1999ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ മേഘത്തിലെ നായിക പൂജാ ബത്രയെ ആരും മറക്കാനിടയില്ല. മമ്മൂട്ടിയുടെ നായികയായി എത്തിയ പൂജാ അതിനു മുമ്പ് പ്രിയദർശന്റെ തന്നെ മോഹൻലാൽ ചിത്രമായ ചന്ദ്രലേഖയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മേഘത്തിനു ശേഷം ജയറാമിനെ നായകനാക്കി വിനയൻ സംവിധാനം നിർവഹിച്ച ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും പൂജാ അഭിനയിച്ചിരുന്നു.
ഇപ്പോൾ മലയാളത്തിലെ തന്റെ രണ്ടാമത്തെ ചിത്രത്തിലെ നായകനായിരുന്ന മമ്മൂട്ടിയെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ട സന്തോഷത്തിലാണ് നടി. ബുഡാപെസ്റ്റിൽ വച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രങ്ങളും പൂജാ ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 22 വർഷങ്ങൾക്കു മുമ്പ് താൻ കണ്ട അതേ രൂപത്തിൽ തന്നെയാണ് മമ്മൂട്ടിയെന്നും ഇത്രയേറെ വർഷങ്ങളായിട്ടും ഒരു തരി പോലും മാറിയിട്ടില്ലെന്നും പൂജാ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം കുറിച്ചു.