marriage-proposal

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകൾ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാലപുരമ്പിൽ അരുൺ ആണ് അറസ്റ്റിലായത്. വിവാഹം ഒരേ കാരണത്താൽ മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുട‌ർന്നുള്ള അന്വേഷണത്തിലാണ് അരുൺ അറസ്റ്റിലായത്.

അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകൾ മുടക്കിയ കേസിലാണ് അറസ്റ്റ്. വിവാഹാലോചനയുമായി എത്തുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുൺ ആലോചനകൾ മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകൾ കൈവശമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാൾ കല്യാണാലോചനകൾ തടഞ്ഞിരുന്നത്. എന്നാൽ ഒന്നിച്ച് പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി വെളിപ്പെടുത്തി. അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.