anupama-ajith

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ പൊലീസിൽ പരാതി നൽകി അനുപമ. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമർപ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

"കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക," എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണിതെന്ന് പറഞ്ഞ ശേഷമായിരുന്നു മന്ത്രിയുടെ പരാമർശം. അനുപമയുടെയും അജിത്തിന്റെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ ആക്ഷേപം.

മന്ത്രിയുടെ വാക്കുകൾ

"കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്."