തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് രചിച്ച 'സുൽത്താൻ വാരിയൻ കുന്നൻ' പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ വാരിയൻ കുന്നന്റെ കുടുംബം കോയമ്പത്തൂരിലെ പോത്തന്നൂരിൽ നിന്നുമെത്തി. മലപ്പുറം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വാരിയം കുന്നന്റെ കൊച്ചുമകൾ ഹാജറയാണ് പുസ്തകം പ്രകാശനം ചെയ്തത്. സംവിധായകൻ ആഷിക് അബു പ്രഖ്യാപിച്ച 'വാരിയം കുന്നൻ' എന്ന സിനിമയുടെ സഹ രചയിതാക്കളിൽ ഒരാൾ കൂടിയാണ് റമീസ് മുഹമ്മദ്.
കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വീരാവുണ്ണിയുടെ പേരമക്കളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഖദീജ, മുഹമ്മദ്, മൊയ്തീന്‍, ഫാത്തിമ, എന്നിവരാണ് വീരാവുണ്ണിയുടെ മക്കള്‍. ഖദീജയുടെ മകന്‍ സാജിദ്, മുഹമ്മദിന്റെ മകള്‍ ഹാജറ, ഭര്‍ത്താവ് സുലൈമാന്‍, മക്കളായ നാസര്‍, റാഫി, ജമീല എന്നിവര്‍ ഉള്‍പ്പെടെ 35 പേരാണ് വ്യാഴാഴ്ച പുസ്തക പ്രകാശനത്തിനായി എത്തിചേർന്നത്.
അടുത്ത വ്യാഴാഴ്ച്ചയാണ് വാരിയൻ കുന്നന്റെ ചിത്രം ആദ്യമായി പുറത്തുവരുന്നത്. ഫോട്ടോ കണ്ടതിനുശേഷം വാരിയൻ കുന്നനുമായി സാദൃശ്യമുള്ളതായി കുടുംബാങ്ങൾ പറഞ്ഞിരുന്നു. പിതാവിനെക്കുറിച്ച് വല്ല്യുപ്പ പറഞ്ഞുതന്ന ഓർമകൾ ചരിത്രമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹാജറ പങ്കുവച്ചു. കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിലെത്തിയ കുടുംബം ബ്രിട്ടീഷുകാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്ന കോട്ടക്കുന്ന് സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച തിരിച്ച് പോത്തന്നൂരിലേക്ക് മടങ്ങും.