തിരുവല്ല: മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഗൺമാന് പരിക്കേറ്റു. തിരുവല്ല ബൈപ്പാസിൽ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ബൈപ്പാസും തിരുവല്ല - മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്ത് ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ഗൺമാൻ വൈക്കം ചെമ്പ് കിഴക്കേത്തറ വീട്ടിൽ ശർമ്മപ്രസാദ് ഉത്തമനാണ് നിസാര പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മന്ത്രി. ബൈപ്പാസിലൂടെ മല്ലപ്പള്ളിയിലേക്ക് പോയ സ്വകാര്യബസിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു. പിന്നാലെയെത്തിയ പൊലീസ് മന്ത്രിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിന്നീട് മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. അപകടത്തിൽപ്പെട്ട കാർ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.