കൊച്ചി: ഉപഭോക്താവിന് ഡീസൽ വീട്ടിലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) തുടക്കം കുറിച്ചു. ഡൽഹി ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് ഹംസഫർ ഇന്ത്യയുമായി ചേർന്നാണ് പദ്ധതി. ഫ്യുവൽ ഹംസഫർ ആപ്പ് ഡൗൺലോഡ് ചെയ്താൽ 20 ലിറ്റർ ഡീസൽ ആണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്.
തുടക്കത്തിൽ പട്യാലയിലും പഞ്ചാബിലെ പുതിയ ജില്ലയായ മലർകോട്‌ലയിലും സേവനം തുടങ്ങി. ഇതിന് പുറമെ യു.പി, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, അസം, കേരള, ഗുജറാത്ത്, ഗോവ, ഡൽഹി എൻ.സി.ആർ, നോയ്‌ഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും സേവനം ലഭിക്കുമെന്ന് ഐ.ഒ.സി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് 20 ലിറ്ററെങ്കിലും ഡീസൽ വാങ്ങുന്നവർക്കാണ് ഈ സേവനം തുടക്കത്തിൽ ലഭ്യമാവുക.
ചെറുകിട ഹൗസിംഗ് സൊസൈറ്റികൾ, മാളുകൾ, ആശുപത്രികൾ, ബാങ്കുകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ, കർഷകർ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഈ സേവനം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ ഉപഭോക്താക്കൾ വലിയ കാനുകളുമായി പമ്പിൽ വന്ന് ഡീസൽ വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതിലെ പ്രയാസങ്ങൾ മറികടക്കാൻ ഡോർ സ്റ്റെപ് ഡെലിവറിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ
സന്യ ഗോയൽ,
ഹംസഫർ ഇന്ത്യ ഡയറക്ടറും ഫൗണ്ടറും
തുടക്കത്തിൽ എത്തിക്കുന്നത് 20 ലിറ്റർ ഡീസൽ
ആവശ്യക്കാർക്ക് ഇന്ധനം വീട്ടുപടിക്കൽ എത്തിക്കുന്ന മൊബൈൽ ഡിസ്പെൻസർ സേവനത്തിന് നേരത്തെ രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ നോയിഡയിൽ തുടക്കം കുറിച്ചിരുന്നു.