k-rajan-

പത്തനംതിട്ട: സംസ്ഥാനത്ത് റീസർവേ നടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് 807 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി മന്ത്രി കെ. രാജൻ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോറസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും പദ്ധതി നടപ്പാക്കും. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തിയത്. 28 സ്ഥലങ്ങളിൽ ഇതിനായി ടവറുകൾ നിർമ്മിക്കുന്നതിന് ടെൻഡറായി. ആദ്യഘട്ടത്തിൽ 400 വില്ലേജുകളെയാണ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരിക. ഏകീകൃത തണ്ടപ്പേര് സംവിധാനം ഇതിലൂടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ഉറച്ച അഭിപ്രായമാണ് കേരളത്തിനുള്ളതെന്നും ആ വാദം ശക്തമായി ഉയർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2018ലുണ്ടായ സാഹചര്യം കൂടി പഠിച്ച് ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.