തിരുവനന്തപുരം: വിവാഹത്തിനുള്ള തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിലായി. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുക്കുകയും ചെയ്ത എം.എസ്.കെ നഗർ സ്വദേശി ദിലീപിനെയാണ് (37) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് മന്ത്രമൂർത്തിയുടെ അനുഗ്രഹം ഉണ്ടെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുള്ള തടസങ്ങളും മാറ്റിനൽകാമെന്നും വിശ്വസിപ്പിച്ചാണ്
ഇയാൾ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേർന്ന് പ്രത്യേക പൂജാമുറിയുമുണ്ട്. ഇയാളെക്കുറിച്ചറിഞ്ഞ് വീട്ടിലെത്തിയ യുവതിയെ പ്രസാദത്തിൽ ഉറക്കമരുന്ന് നൽകി മയക്കിയ ശേഷം നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വർണവും പണവും ഇയാൾ കൈവശപ്പെടുത്തി. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഇയാൾ ദേഹോപദ്രവവും ഏൽപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേശ്, ഉത്തമൻ സി.പി.ഒമാരായ ബിനു, പ്രമോദ് രാജ്, പ്രഭൽകുമാർ, സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.