ss

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പരീക്ഷാ ഹാളിന് പുറത്ത് സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികളുടെ ബാഗും മൂന്ന് മൊബൈൽ ഫോണുകളും കവർന്ന പ്രതി പിടിയിൽ. കോട്ടുകാൽ താന്നിമൂട് കുഞ്ചുവീട്ടുവിളാകം മേലേതട്ട് ഓലിക്കോട് വീട്ടിൽ സഞ്ജിത്തിനെയാണ് (28) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി. ഫാം വിദ്യാർത്ഥികൾ പരീക്ഷക്കായി ക്ലാസിൽ കയറിയ സമയത്ത് പുറത്ത് സൂക്ഷിച്ചിരുന്ന ബാഗുകളും മൊബൈൽ ഫോണുകളുമാണ് ഇയാൾ കവർന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥികളറിഞ്ഞത്.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂജപ്പുര ഭാഗത്തു നിന്ന് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ചെടുത്ത ബാഗും 3 മൊബൈൽ ഫോണുകളും 1600 രൂപയും എ.ടി.എം കാർഡുകളും കണ്ടെടുത്തു. വട്ടിയൂർക്കാവ്, നേമം , ഫോർട്ട്, കന്റോൺമെന്റ് എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്തുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, സി.പി. മുഹമ്മദ് ഹാഷിം, എസ്.സി.പി.ഓമാരായ ജ്യോതി കെ. നായർ, രഞ്ജിത്ത്, അബ്ദുൾ ജവാദ്, സി.പി.ഓമാരായ ബിമൽമിത്ര, പ്രതാപൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.