marakkar

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് ചർച്ച പരാജയപ്പെട്ടത്.

ഒ.ടി.ടിയില്‍നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തു. മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ല മറിച്ച് അഡ്വാൻസ് നൽകാമെന്നായിരുന്നു തിയേറ്റർ ഉടമകളുടെ നിലപാട്.

ഒ.ടി.ടിയില്‍ റിലീസ് ചെയ്താല്‍ വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയില്‍ മിനിമം ഗ്യാരന്‍റിയെങ്കിലും നല്‍കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. എന്നാൽ പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്നും മരക്കാര്‍ തിയേറ്ററിൽ വരണമെന്നാണ് ആഗ്രഹമെന്നും ഫിയോക് വ്യക്തമാക്കി.