bineesh-kodiyeri

ബം​ഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിനീഷ് സത്യം ജയിക്കുമെന്ന് പ്രതികരിച്ചു. ഇ.ഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയ്യാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ എന്നും ബിനീഷ് ആരോപിച്ചു.

വ്യാഴാഴ്ചയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നിൽക്കാമെന്നേറ്റവർ അവസാനം പിൻമാറിയതോടെ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് നീണ്ടു പോകുകയായിരുന്നു. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.

കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയിൽ പറയുന്നു.