തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ ക്രോസബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 40ലേറെ സിനിമകൾ സംവിധാനം ചെയ്തു. 10 സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്.
സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ക്രോസ് ബെൽറ്റ് മണി എന്ന പേര് നൽകിയത്. എൻ.എൻ പിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എൻ.എൻ പിള്ളയാണ് തയാറാക്കിയത്. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.പ്രമുഖസംവിധായകൻ ജോഷിയുടെ തുടക്കം ക്രോസ്ബെൽറ്റ് മണിയോടൊപ്പം ആയിരുന്നു. ജോഷിയുടെ ആദ്യസിനിമ ആയ ടൈഗർ സലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ക്രോസ്ബെൽറ്റ് മണി ആയിരുന്നു.∙
തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ മണി ഛായാഗ്രഹണം പഠിക്കാനായി മെരിലാൻഡ് സ്റ്റുഡിയോയിൽ എത്തുകയായിരുന്നു. പി. സുബ്രമഹ്ണ്യത്തിനൊപ്പം 1956 മുതൽ 1961വരെ പ്രവർത്തിച്ചു. 1961ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്നത്. 1967ൽ പുറത്തിറങ്ങിയ ‘മിടുമിടുക്കി’ എന്ന സിനിമ ആദ്യമായി സംവിധാനം ചെയ്തു.മനുഷ്യബന്ധങ്ങൾ, പുത്രകാമേഷ്ഠി, ശക്തി, നടീനടൻമാരെ ആവശ്യമുണ്ട്, പെൺപട, കുട്ടിച്ചാത്തൻ, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, പെൺപുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, ബ്ളാക് ബെൽറ്റ്, പഞ്ചതന്ത്രം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം, പെൺസിംഹം, ദേവദാസ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
ബുള്ളറ്റ്, ചോരയ്ക്കു ചോര, ബ്ളാക്ക് മെയിൽ, റിവെഞ്ച്, ഒറ്റയാൻ, കുളമ്പടികൾ, ഉരുക്കുമനുഷ്യൻ, നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങിയവ ക്രോസ്ബെൽറ്റ് മണി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച സിനിമകളാണ്. വട്ടിയൂർക്കാവിൽ ശ്രീകൃഷ്ണ എന്ന പേരിൽ ആരംഭിച്ച സ്വന്തം സ്റ്റുഡിയോയിലായിരുന്നു തന്റെ ചിത്രങ്ങൾ മിക്കവയും അദ്ദേഹം ചിത്രീകരിച്ചത്. ഈ സ്റ്റുഡിയോ പിൽക്കാലത്ത് അദ്ദേഹത്തിന്റെ വീട് ആയി മാറി. മാതാപിതാക്കൾ പി.കൃഷ്ണപിള്ള , കമലമ്മ, ഭാര്യ ശ്രീമതിയമ്മ, മക്കൾ രൂപ, കൃഷ്ണകുമാർ.