ന്യൂഡൽഹി: ജി-20 ഉച്ചകോടിക്കിടെ ശനിയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.എം.ഒ ഇന്ത്യ ട്വീറ്റ് ചെയ്ത ഫോട്ടോകളുടെ ഒരു പരമ്പരയിൽ, മോദി ബെെഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതായി കാണാം.
2022 അവസാനത്തോടെ അഞ്ച് ബില്യൺ (അഞ്ഞൂറ് കോടി) ഡോസ് കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇറ്റലിയിലെ റോമിൽ നടന്ന ജി-20 ഉച്ചകോടിയിൽ മോദി പറഞ്ഞു. വാക്സിൻ ഡോസുകൾ വലിയ തോതിൽ ലോകത്തിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരാമർശിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
സാമ്പത്തിക പരിഷ്‌കരണങ്ങളിലും വിതരണ ശൃംഖലയുടെ വൈവിദ്ധ്യവത്ക്കരണത്തിലും ഇന്ത്യയെ പങ്കാളിയാക്കാൻ ജി-20 രാജ്യങ്ങളെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. അഞ്ച് ബില്യണിലധികം ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് നമുക്ക് മാത്രമല്ല ലോകത്തിനും ലഭ്യമാകുമെന്നും പറഞ്ഞു. ലോകാരോഗ്യ സംഘടന കൊവാക്സിൻ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നത് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ എളുപ്പമാക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല പറഞ്ഞു.