ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി കുറഞ്ഞു. 138.95 അടിയായിരുന്നു ഇന്നലത്തെ ജലനിരപ്പ്. ആകെയുള്ള 13 ഷട്ടറുകളിൽ ആറ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് സാധിച്ചിട്ടില്ല.
ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാദ്ധ്യതയുണ്ട്. നിലവിൽ സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് (84,214 ലിറ്റർ) പുറത്തേക്കൊഴുക്കുന്നത്. 2, 3, 4 നമ്പർ ഷട്ടറുകൾ 70 സെന്റിമീറ്ററും 1, 5, 6 നമ്പർ ഷട്ടറുകൾ 50 സെന്റിമീറ്ററുമാണ് ഉയർത്തിയത്.
അതേസമയം മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തും. കൂടുതൽ വെള്ളമൊഴുക്കിയാലും വേണ്ട മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ അറിയിച്ചു.