രണ്ടായിരത്തഞ്ഞൂറോളം പേർക്കിരിക്കാവുന്ന ലണ്ടനിലെ ഏറ്റവും വലിയ തിയേറ്ററായ ലണ്ടൻ കോളിസിയത്തിലെ "സത്യാഗ്രഹ"യുടെ എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു.
ഒക്ടോബർ 16 മുതൽ തുടർന്ന് വന്ന രണ്ടാഴ്ച നീണ്ടു നിന്ന അവതരണം -"സത്യാഗ്രഹ" എന്ന ലണ്ടൻ കോളിസിയത്തിലെ അതി ബൃഹുത്തായ ഓപറ ലണ്ടനിലെ ഏറ്റവും വലിയ തിയേറ്ററിലെ കാണികളെ അക്ഷരാർഥത്തിൽ പിടിച്ചുലയ്ക്കുകയായിരുന്നു. അവർ നിലയ്ക്കാത്ത കയ്യടിയിലൂടെയും, എഴുന്നേറ്റു നിന്നുള്ള ഹർഷാരവങ്ങളിലൂടെയും "സത്യാഗ്രഹ"യെ സ്വീകരിക്കുകയായിരുന്നു.
2007 ൽ ആയിരുന്നു ലോക പ്രസിദ്ധ സംഗീതജ്ഞനായ ഫിലിപ് ഗ്ളാസ്സിന്റെ സംഗീതത്തിലുള്ള ഓപറാ ഫിലിം മക്‌ഡെമോർട്ടിന്റെ സംവിധാനത്തിൽ ആദ്യം ലണ്ടനിൽ അരങ്ങേറുന്നത്. അമേരിക്കയിൽ ഒപേറ തിയേറ്ററിലും , സിനിമയിലും അഭിനയിക്കുന്ന ഷോൺ പണിക്കർ മഹാത്മാ ഗാന്ധിയായി അഭിനയിച്ചു കാണികളെ പിടിച്ചടക്കി.
മൂന്ന് ചരിത്ര പുരുഷന്മാരുടെ- ടോൾസ്റ്റോയ്, ടാഗോർ, മാർട്ടിൻ ലൂഥർ കിങ്ങ് - ജീവിതത്തിലൂടെ ഗാന്ധിജിയുടെ സമാധാന പൂർണ്ണമായ സമരമാർഗ്ഗത്തെ കാണുന്ന ഓപറായാണ് ലണ്ടനിൽ ഇപ്പോൾ സമാപിച്ച "സത്യാഗ്രഹ". ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ- നെതര്ലന്ഡ്, ന്യു യോർക്ക് , ഷിക്കാഗോ, ബോൺ, ലണ്ടനിൽ തന്നെ പല തവണ - ഈ ഓപറാ അവതരിപ്പിച്ചിരുന്നു.
സത്യാഗ്രഹ എന്ന സമര മാർഗത്തിനു സൗത്താഫ്രിക്കയിൽ വച്ച് രൂപം കൊടുക്കുന്നതും വർണ്ണ വിവേചന വിരുദ്ധ സമരത്തിന്റെ തീച്ചൂളയിൽ അത് പദം വരുത്തി പരീക്ഷിക്കുന്നതുമാണ് സത്യാഗ്രഹയുടെ പ്രമേയം. മഹാഭാരതത്തിലെ സംസ്കൃത ശ്ലോകങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ തേര് തെളിച്ചു മുന്നോട്ടു പോകാനാകാതെ നിൽക്കുന്ന അര്ജുനന് കൃഷ്ണൻ നൽകുന്ന ഗീതോപദേശം ഗാന്ധിജി സത്യാഗ്രഹ എന്ന സമര മാർഗ്ഗത്തിൽ എത്തുന്ന സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്നു.
വിശ്വ പ്രസിദ്ധ നോവലിസ്റ്റ് ടോൾസ്റ്റോയുമായി ബന്ധപ്പെടുത്തിയാണ് ആദ്യ രംഗം സംവിധാനം ചെയ്തിരിക്കുന്നത്. ഗാന്ധിജിയുടെ സമാധാന പൂർണ്ണമായ സമര മാർഗ്ഗം തെരഞ്ഞെടുക്കുന്നതിൽ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ടോൾസ്റ്റോയി. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സമകാലീനനായ രബീന്ദ്രനാഥ ടാഗോറാണ് ഈ ഓപറയിലെ രണ്ടാമത്തെ പ്രതീകം. മൂന്നാമത്തേത് കറുത്തവരുടെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവിതം തന്നെ ആ സമരത്തിന് സമർപ്പിച്ച അമേരിക്കയിലെ മാർട്ടിൻ ലൂഥർ കിംഗ് . ബ്ളാക് ലൈവ്‌സ് മാറ്റർ സമരത്തിന്റെ കാലത്ത് ഗാന്ധിജിയുടെ ജീവിതവും സമരങ്ങളും ഏറെ സ്വാധീനിച്ച മാർട്ടിൻ ലൂഥർ കിംഗ് എന്ന പ്രതീകത്തിന്റെ "സത്യാഗ്രഹ" ഓപറയിലെ പ്രസക്തി ഏറെ.
ഇവിടെ സൗത്താഫ്രിക്കയിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ ജീവിതത്തിലെ അതിശക്തമായ സമരങ്ങൾക്ക് വേദിയൊരുങ്ങുന്നു.
ലോകം ഗാന്ധിജിയെ ആഘോഷിക്കുന്നു !! ആദരിക്കുന്നു!!!!