anupama-

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന് ആരോപിച്ച് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിലെ പരാതിക്കാരായ അനുപമ ചന്ദ്രനും അജിത്ത് കുമാറും പേരൂർകട പൊലീസിന് പരാതി നൽകി.

മന്ത്രിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ്. ഒരാൾ ആരോടൊപ്പം ആണ് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്ക് തന്നെയാണ്. അജിത്തിന്റെ ആദ്യ ഭാര്യയിൽ രണ്ടും മൂന്നും കുട്ടികളുണ്ടെന്നും പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്നുമുള്ള പരാമർശങ്ങൾ വ്യക്തിഹത്യപരമാണെന്നും പരാതിയിൽ പറയുന്നു.

ആദ്യം വിവാഹം ചെയ്‌ത് കുട്ടികളുണ്ടാകുക, പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും കൂടാതെ വീണ്ടും ഒരു ചെറിയ കുട്ടിയെ പ്രേമിക്കുക, അത് എതിർത്ത പിതാവിനെ ജയിലിൽ ആക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ അതിന്റെ മാതാപിതാക്കളുടെ മനോനില കൂടെ പരിഗണിക്കേണ്ടതുണ്ട്.എനിക്കും മൂന്ന് കുട്ടികളായത് കൊണ്ടാണ് പറയുന്നത്. ആ മാതാപിതാക്കൾ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടുകൊണ്ടായിരിക്കും ആ കുട്ടിയെ വളർത്തിയത്. പക്ഷെ എന്താണ് സംഭവിച്ചത്?. തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. സ്‌ത്രി മുന്നേറ്റത്തിനായിയുള്ള സാംസ്കാരിക വകുപ്പിന്റെ 'സമം' എന്ന പദ്ധതിയുടെ ഭാഗമായി കാര്യവട്ടം ക്യാംപസിൽ സംഘടിപ്പിച്ച നാടക കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ പേര് പറയാതെയുള്ള പരാമർശം. ഇപ്പോൾ നാട്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമെന്ന മുഖവുരയോടുകൂടിയാണ് അദ്ദേഹം ഈ വിഷയത്തോട് പ്രതികരിച്ചത്.

സംഭവം വിവാദമായതിനെ തുടർന്ന് മറുപടിയുമായി മന്ത്രി എത്തിയിരുന്നു. അനുപമയേയും അജിത്തിനേയും വ്യക്തിഹത്യ ചെയ്‌തത് അല്ലെന്നും പെൺകുട്ടികൾ പ്രായോഗികമായി ചിന്തിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.