narendra-modi

ന്യൂഡൽഹി: റോമിൽ നടക്കുന്ന പതിനാറാമത് ജി 20 ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയിൽ കൊവിഡ് വ്യാപനം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക-ആരോഗ്യ സാഹചര്യം എന്നിവയാണ് പ്രധാനമായും ചർച്ചയായത്. വത്തിക്കാൻ സിറ്റി സന്ദർശിച്ച മോദി കഴിഞ്ഞ ദിവസം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്ക് ഒടുവിൽ പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു . ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നരേന്ദ്രമോദിയുടെ ആദ്യത്തെ സന്ദർശനമാണ്. 2000ൽ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിക്ക് ശേഷം റോം സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

2022 അവസാനത്തോടെ അ‌ഞ്ച് ബില്ല്യൺ കൊവിഡ് 19 വാക്സീൻ നി‌ർമിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി അറിയിച്ചതായി ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗള പറ‌ഞ്ഞു. കൊവിഡ് മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ സംഭാവനകൾ, രാജ്യത്തിന്റെ 'ഒരു ഭൂമി ഒരു ആരോഗ്യം' എന്ന സ്വപ്നം എന്നിവ ഉച്ചകോടിയിൽ പ്രധാനമന്ത്രി പരാമ‌ർശിച്ചു. സാമ്പത്തിക ഭദ്രത വീണ്ടെടുക്കുന്നതിനായും വിതരണ ശൃംഖലയുടെ വൈവിദ്ധ്യവത്ക്കരണത്തിനായും ഇന്ത്യയെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി ലോകരാജ്യങ്ങളെ ക്ഷണിച്ചതായി ഹർഷ് വർദ്ധൻ ശ്രിംഗള വെളിപ്പെടുത്തി. വേൾഡ് ലീഡേഴ്സ് സമ്മിറ്റ് എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ 120 രാഷ്ട്രത്തലവന്മാരാണ് പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, യു കെയുടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ഇന്ന് റോമിലെ ട്രേവി ഫൗണ്ടൻ സന്ദർശിക്കും. തുടർന്ന് കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ജി20 യോഗത്തിൽ പങ്കെടുക്കും. ശേഷം സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാൻചെസുമായി കൂടിക്കാഴ്ച നടത്തും. സുസ്ഥിര വികസനം എന്ന വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംഘടിപ്പിക്കുന്ന യോഗത്തിലും മോദി പങ്കുകൊള്ളും. ഐക്യരാഷ്ട്രസഭയുടെ ഇരുപത്തിയാറാമത് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജി20 ഉച്ചകോടിയ്ക്ക് ശേഷം ഗ്ളാസ്ഗോയിൽ എത്തും.