ഇടുക്കി: മുല്ലപ്പെരിയാറില്‍ റൂള്‍കര്‍വ് പാലിച്ചില്ലെന്ന് പരാതിയുമായി കേരളം. സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതുമുതല്‍ ഇതുവരെ റൂള്‍കര്‍വിൽ പറയുന്ന 138 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതൽ ജലം ഒഴുക്കിവിട്ടതോടെ പെരിയാറിലെ ജലനിരപ്പ് 95 സെന്റീമീറ്റര്‍ ഉയർന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ദ്ധനയുണ്ട്. ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് നിജപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിച്ചത്.