ksrtc

തിരുവനന്തപുരം: വിനോദ യാത്രകളിൽ ഒട്ടുമിക്ക പേരും ഏറെ കഷ്ടപ്പെടുന്നത് രാത്രി തങ്ങാൻ സ്ഥലം കണ്ടെത്തുന്നതാകും. ഇതിന് പരിഹാരമായി അന്തിയുറങ്ങാൻ അവസരമൊരുക്കി കെ എസ് ആർ ടി സി. തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിനോദസ‌ഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് താമസ സൗകര്യം കെ എസ് ആർ ടി സി ഒരുക്കുന്നത്. നിലവിൽ മൂന്നാറിൽ മാത്രമാണ് ഇത്തരം സൗകര്യം ലഭിക്കുന്നത്.

പദ്ധതിക്കായി പഴക്കം ചെന്ന ബസുകൾ നവീകരിച്ച് ആയിരത്തിലധികം കിടക്കകൾ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി സജ്ജമാക്കും. ഒരു രാത്രി തങ്ങാൻ നൂറ് രൂപ മാത്രമാണ് ചെലവ് വരുന്നത്. അടുത്ത ഘട്ടത്തിൽ ഭക്ഷണം നൽകുന്നതും പരിഗണിക്കുന്നു.

കെ എസ് ആർ ടി സി ഒരുക്കുന്ന ഏക ദിന യാത്രകൾ പൊതുജനം ഏറ്റെടുത്തുകഴിഞ്ഞു. മൂന്നാറും മലക്കപ്പാറയുമാണ് പദ്ധതിയിൽ കൂടുതലായും കേന്ദ്രീകരിക്കുന്നത്. കെ എസ് ആർ ടി സിയിലെ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതിയൊരുക്കുന്നത്. ബസിൽ സ‌ഞ്ചരിച്ച് കടലും കായലും കാണാനുള്ള ട്രിപ്പുകളും ആലോചനയിലുണ്ട്. ഹൗസ് ബോട്ടുകളും തീവണ്ടിയും വിമാനത്താവളങ്ങളും കോർത്തിണക്കിയ ടൂർ പാക്കേജും കെ എസ് ആർ ടി സിയുടെ പരിഗണനയിലുണ്ട്.