ലോക ചരിത്രത്തിൽ ഇന്ത്യയുടെ പേര് ഉയർന്ന് കേൾക്കുന്ന സന്ദർഭങ്ങളിലൊന്ന് ബംഗ്ളാദേശിന്റ വിമോചന ദിനമാണ്.സ്വന്തം ജനതയെ ക്രൂരമായി ആക്രമിച്ച അന്നത്തെ പാകിസ്ഥാൻ ഭരണകൂടത്തെയും അതിന് പൂർണ പിന്തുണ നൽകിയ അമേരിക്കയേയും വകവയ്ക്കാതെ ആ ജനതയെ സ്വതന്ത്രമാക്കിയ ഇന്ദിരഗാന്ധി എന്ന ഇന്ത്യയുടെ എക്കാലത്തെയും ധീരയായ പ്രധാന മന്ത്രിയുടെ പേരിലാണ് ആ ചരിത്രം.
ഇക്കാര്യങ്ങൾ ഓർമ്മിപ്പിച്ച് ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പി.സി വിഷ്ണുനാഥ് എംഎൽഎ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ വായിക്കപ്പെടുന്നത്.സ്വന്തം ജനതക്ക് മേൽ നരനായാട്ട് നടത്തിയ അന്നത്തെ പാകിസ്ഥാൻ ഭരണകൂടത്തെയും അമേരിക്ക അവർക്ക് നൽകിയ ശക്തമായ പിന്തുണയെയും അപ്രസക്തമാക്കികൊണ്ട്
നിസഹായരായി ലോകത്തോട് അപേക്ഷിച്ച ബംഗ്ലാദേശി ജനതയെ സ്വാതന്ത്രമാക്കാൻ ഇന്ദിരാഗാന്ധിക്ക് വേണ്ടിവന്നത് 13 ദിവസം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മറ്റൊരു രാജ്യത്തിലെ ഭരണാധികാരി നേതൃത്വം നൽകിയ സന്ദർഭം ലോക ചരിത്രത്തിൽ അപൂർവമാണ്. 50 വർഷങ്ങൾക്ക് മുമ്പ്, ബംഗ്ലാദേശ് വിമോചിക്കപ്പെട്ടപ്പോൾ സംഭവിച്ചത് അതായിരുന്നു. സ്വന്തം ജനതക്ക് മേൽ നരനായാട്ട് നടപ്പാക്കിയ അന്നത്തെ പാകിസ്ഥാൻ ഭരണകൂടത്തെയും ശക്തരായ അമേരിക്ക അവർക്ക് നൽകിയ പിന്തുണയെയും അപ്രസക്തമാക്കി, നിസ്സഹായരായി ലോകത്തോട് അപേക്ഷിച്ച ബംഗ്ലാദേശി ജനതയെ സ്വാതന്ത്രമാക്കാൻ ഇന്ദിരാ ഗാന്ധിക്ക് വേണ്ടിവന്നത് 13 ദിവസമാണ്. ഇന്ത്യൻ പട്ടാളത്തിന്റെ ധീരതയും മികവും ഇത്രമേൽ തെളിഞ്ഞു കണ്ട സന്ദർഭവും കുറവ്. അമേരിക്കയുടെ ഏഴാം കപ്പൽപടയെ നിർവീര്യമാക്കിയ ഇന്ദിരയുടെ രാഷ്ട്രീയ ഇച്ഛാശക്തി ലോക രാഷ്ട്രീയത്തിൽ ഇന്ത്യ സ്വന്തം ദൃഢത തെളിയിച്ച സന്ദർഭമായി.
ബംഗ്ലാദേശ് രൂപീകൃതമായ ശേഷമുള്ള 50 വർഷങ്ങളിൽ 17 വർഷവും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദം കൈകാര്യം ചെയ്തത് ഷെയ്ഖ് ഹസീനയാണ്. സ്വന്തം കുടുംബത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുകയും വീടില്ലാതാവുകയും ചെയ്ത സമയം തന്നെ സുരക്ഷിതയാക്കിയത് ഇന്ദിരാ ഗാന്ധിയാണ് എന്നവർ ഓർത്തെടുത്തിരുന്നു ഈ അടുത്ത വർഷങ്ങളിൽ. മതേതര സ്വഭാവം നിലനിർത്തുന്ന അയൽരാജ്യം എന്ന നിലയിൽ ബംഗ്ലാദേശിന് വലിയ പ്രാധാന്യമുണ്ട്.
ഇന്ദിരാ ഗാന്ധിയുടെ അന്താരാഷ്ട്ര ഇടപെടൽ കേവലം യുദ്ധ വീര്യത്തിൽ പരിമിതപ്പെടുന്ന ഒന്നല്ല. എയ്ഡ്‌സ് മഹാമാരി പടർന്നു പിടിക്കുന്ന കാലത്ത് ആഫ്രിക്കയുടെ അതിജീവനം സാധ്യമായത് ഇന്ദിരയുടെ മരുന്നു നയം കൊണ്ടായിരുന്നു.
വലിയ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ, ക്ഷാമം, യുദ്ധം, സംഘപരിവാറും സിപിഎമ്മും എല്ലാം ചേർന്ന സംയുക്ത കോൺഗ്രസ് വിരുദ്ധ മുന്നണി, ഖലിസ്ഥാൻ ഉൾപ്പെടെയുള്ള ആഭ്യന്തര വെല്ലുവിളികൾ .. ഇങ്ങനെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയെ നയിച്ച ഭരണാധികാരിയായിരുന്നു ഇന്ദിര. ഇന്ത്യൻ റിപ്പബ്ലിക്കിന് സ്ഥിരത നൽകിയ പ്രധാനമന്ത്രി.
ബാങ്ക് ദേശസാൽക്കരണം, ഭൂപരിഷ്ക്കരണം തുടങ്ങിയ നയങ്ങളിലൂടെ രാഷ്ട്ര ഘടനയുടെ മാത്രമല്ല, ജനജീവിതത്തിന്റെ കൂടി സുസ്ഥിരത ഉറപ്പാക്കാൻ അവർക്ക് സാധിച്ചു
ക്യോട്ടോ പ്രോട്ടോകോൾ വരുന്നതിനും 2 പതിറ്റാണ്ടുകൾക്ക് മുൻപ് പരിസ്ഥിതിയെക്കുറിച്ചുള്ള കരുതലും കാഴ്ചപ്പാടും പ്രകടിപ്പിച്ചു ഇന്ദിരാ ഗാന്ധി. ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് എഴുതിച്ചേർത്തു. ബ്രിട്ടനെതിരെ പോരാടി തുടങ്ങിയ ഇന്ദിരാ ഗാന്ധി സ്വന്തം രക്തസാക്ഷിത്വം കൊണ്ടും ഇന്ത്യൻ റിപ്പബ്ലിക്കിനെ ബലപ്പെടുത്തി.
കൊല്ലപ്പെടുമെന്നുറപ്പുണ്ടായിട്ടും അനായാസം ആ തീരുമാനമെടുക്കാൻ ഇന്ദിരക്ക് സാധിച്ചത്, രാജ്യത്തിന്റെ സുസ്ഥിരതയും സ്വന്തം സുരക്ഷയും തമ്മിലുള്ള തെരഞ്ഞെടുപ്പ് അവർക്ക് അത്രയും ലളിതമായ ഒന്നായതുകൊണ്ടാണ്.
ഇന്ദിരാ ഗാന്ധിക്ക് പ്രണാമം"