താമരശ്ശേരി: യുവതി സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്കു തെറിച്ചു വീണു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഒന്നാം വളവിനു താഴെയായിരുന്നു സംഭവം. സ്‌കൂട്ടറുമായി 30 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.യുവതി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരുമ്പോഴായിരുന്നു അപകടം. ഇരുട്ടായതിനാൽ അപകടം ആരും അറിഞ്ഞില്ല. റബർ തോട്ടത്തിലെ കൊക്കയിൽ നിന്നും കല്ലുകൾ പെറുക്കി റോഡിലേക്ക് എറിഞ്ഞ് യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ യുവതി ശ്രമിച്ചിരുന്നെങ്കിലും ഇത് പരാജയപ്പെട്ടു.
ഒടുവിൽ ചുരത്തിലെ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി റോഡിൽ എത്തി, കൈ കാണിച്ചു വണ്ടി നിർത്തി ആളുകളോട് വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. കൊക്കയിൽ നിന്ന് അപകടത്തിൽ പെട്ട സ്‌കൂട്ടർ ശനിയാഴ്ച രാവിലെയാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് റോഡിലേക്ക് കയറ്റിയത്.