ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി ആരെന്ന ചോദ്യത്തിന് പല കാലഘട്ടത്തിലും പല ഉത്തരങ്ങളായിരിക്കും ലഭിക്കുക. സമീപകാലത്തായി ആ സ്ഥാനം അലങ്കരിക്കുന്നത് ന്യൂസിലാൻഡാണ്. അതിനാൽ തന്നെ ടി ട്വന്റി ലോകകപ്പിലെ നിർണായകമായ ഗ്രൂപ്പ് രണ്ട് പോരാട്ടത്തിൽ ഇരു ടീമുകളും നേർക്കു നേർ വരുമ്പോൾ തീ പാറുമെന്നതിൽ സംശയമില്ല. ആദ്യമത്സരത്തിൽ പാകിസ്ഥാനോട് തോറ്റതിനു ശേഷമാണ് ഇരു ടീമുകളും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് വൈകിട്ട് പോരിനിറങ്ങുന്നതെന്ന യാദൃശ്ചികതയും ഉണ്ട്.
ടോസ് തന്നെയാണ് ഇന്നത്തെ മത്സരത്തിലും പ്രധാനം. കഴിഞ്ഞ 25 മത്സരങ്ങളിൽ 18 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. രണ്ടാമത് ഫീൽഡ് ചെയ്യുന്ന ടീമിന് ഈർപ്പം കാരണം പന്തിന്മേലുള്ള നിയന്ത്രണം നഷ്ടമാകുന്നതിനാൽ ആദ്യം ഫീൽഡ് ചെയ്യാനാണ് ബഹുഭൂരിപക്ഷം ടീമുകളും ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ വിജയസാദ്ധ്യത കൂടുതൽ. പാകിസ്ഥാനെതിരെ ഇന്ത്യക്കും ന്യൂസിലാൻഡിനും സംഭവിച്ചത് ഇതു തന്നെയാണ്.
ടോസ് ലഭിക്കുന്നത് ഭാഗ്യം അനുസരിച്ചാണ്. അതിനാൽ തന്നെ ടോസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്നത് കൂടി കണക്കിലെടുത്താണ് ഇന്ത്യയടക്കമുള്ള ടീമുകൾ ഇപ്പോൾ തന്ത്രങ്ങൾ തയ്യാറാക്കുന്നത്. ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാൽ കൂറ്രൻ സ്‌കോർ പടുത്തുയർത്താനാണ് ശ്രമിക്കുക എന്ന് ഇന്ത്യൻ നായകൻ കൊഹ്ലി ഇന്നലെ സൂചിപ്പിച്ചിരുന്നു.
പാകിസ്ഥാനെതിരെ ഇന്ത്യയും പാകിസ്ഥാനും നേരിട്ടത് ഏതാണ്ട് ഒരേപോലത്തെ പ്രശ്‌നങ്ങളായിരുന്നു. ആക്രമിക്കേണ്ട സാഹചര്യങ്ങളിൽ പോലും പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യയും ന്യൂസിലാൻഡും പാകിസ്ഥാനെതിരെ കളിച്ചത്. അതിലുപരി ഇരു ക്യാപ്ടന്മാരും അമിത പ്രതിരോധത്തിലൂന്നി കളിച്ചത് ടീം സ്‌കോറിനെയും ബാധിച്ചിരുന്നു.
സൂപ്പർ 12ൽ നിന്ന് രണ്ട് ടീമുകൾക്ക് മാത്രമാണ് സെമിഫൈനലിലേക്ക് പ്രവേശനം. പാകിസ്ഥാൻ മൂന്ന് വിജയങ്ങളുമായി സെമി ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാമത്തെ സ്ഥാനം ഇന്ത്യയ്ക്ക് ലഭിക്കുമോ കിവികൾക്ക് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. ഓരോ മത്സരത്തിലാണ് തോൽവിയെങ്കിലും റൺറേറ്റിൽ ഇന്ത്യയെക്കാൾ മുന്നിട്ടുനിൽക്കുന്നത് കിവീസാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30നാണ് മത്സരം.