ബീജിംഗ്: പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം രാജ്യത്ത് ഉയരുകയാണെന്ന് റിപ്പോർട്ടുകൾ. ചൈനയിലെ ആരോഗ്യവിദഗ്ദ്ധർ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വലിയ ജാഗ്രത പുലർത്തുകയാണ്. മുൻപത്തെ വ്യാപനത്തിലേതിനെക്കാൾ അതിവേഗമുളളതാണ് ഇത്തവണത്തേതെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന സൂചന.
വടക്കുകിഴക്കൻ അതിർത്തി നഗരങ്ങളിലെ തുറമുഖങ്ങൾ വഴി വരുന്നവരിലൂടെ കൊവിഡ് സാദ്ധ്യത സംശയിച്ച് ഇവിടങ്ങളിൽ വലിയ ജാഗ്രത തുടരുകയാണ്. ഒക്‌ടോബർ 17നും 29നുമിടയ്‌ക്ക് പ്രാദേശികമായി പടർന്ന് പിടിച്ച 377 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ദേശീയ ആരോഗ്യ കമ്മിഷൻ നൽകുന്ന സൂചനയാണിത്.
മറ്റ് രാജ്യങ്ങൾ കൊവിഡ് രോഗത്തോടൊപ്പം ജീവിക്കാൻ ശ്രമം നടത്തുമ്പോൾ ചൈന കൊവിഡിനെ ശക്തമായി പ്രതിരോധിക്കുകയാണ് ഇപ്പോഴും. അതിർത്തികളിലും തുറമുഖങ്ങളിലും കർശന പരിശോധനയാണ്. യാത്രക്കാരിൽ നിന്ന് പ്രാദേശികമായി രോഗം പടരാതിരിക്കാനാണിത്.
കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ 14 പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന കൊവിഡ് രോഗം കണ്ടെത്തിയത്. അതിവേഗ രോഗവ്യാപനമാണ് രാജ്യത്ത് നടക്കുന്നത്. പല പ്രവിശ്യയിലും അധികാരികളുടെ അലസത കൊണ്ടാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. ഹെയ്‌ഹെ നഗരത്തിലെ വൈറസ് ശ്രേണിയ്‌ക്ക് മറ്റ് കൊവിഡ് രോഗാണുക്കളുമായി ബന്ധമേയില്ല. അതിനർത്ഥം ഇവിടെ പുതിയ തരം രോഗം ഉണ്ടെന്നാണ്.
പല നഗരങ്ങളിലും കണ്ടെത്തിയ കൊവിഡ് വകഭേദം രാജ്യത്തിന് പുറത്ത് നിന്നുളളതിന് തുല്യമായിരുന്നു. രാജ്യത്തെ അതിർത്തികളിൽ അധികം സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ രോഗം വ്യാപകമാണ്. നിലവിൽ ചൈനയിൽ മൂന്നിനും 11നും ഇടയിൽ പ്രായമുളള കുട്ടികളുടെ കുത്തിവയ്‌പ്പ് പുരോഗമിക്കുകയാണ്. ഡിസംബർ മാസത്തോടെ ഇത് പൂർത്തിയാകും. 140 കോടി ജനങ്ങളിൽ 75.8 ശതമാനം പേർക്കും വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടും ചൈനയെ കൊവിഡ് കീഴടക്കുന്ന ആശങ്കാജനകമായ വാർത്തയാണ് പുറത്തുവരുന്നത്. മൂന്നാമത് ബൂസ്‌റ്റർ ഡോസ് നൽകി രോഗം നിയന്ത്രിക്കാൻ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.