തിരുവനന്തപുരം: ഒരു നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ തുറന്നാൽ കൈക്കൊള്ളേണ്ട നടപടികളും ആദ്യ രണ്ടാഴ്ചത്തെ അക്കാദമിക് പ്രവർത്തനങ്ങളും വിശദമാക്കുന്ന മാർഗരേഖ പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് സംബന്ധിച്ച് മാതാപിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ല. കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കുന്നു. ആകെ കുട്ടികളുടെ 25% ആണ് ആദ്യ ഘട്ടമായി സ്‌കൂളുകളിൽ പ്രവേശിക്കുന്നത്. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ അനുവദിക്കു. രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ സ്‌കൂളിലേക്ക് വരേണ്ടതില്ല. അവർ ഓൺലൈനിലൂടെ കുട്ടികളെ പഠിപ്പിച്ചാൽ മതിയാകും.അദ്ധ്യാപക ഒഴിവ് റിപ്പോർട്ട് ചെയ്ത സ്‌കൂളുകളിൽ നിയമനം നടത്താനും 1800 ഓളം പ്രഥമാദ്ധ്യാപകരെ നിയമിക്കാനുമുള്ള നടപടി എടുത്തിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.