savarkar

ന്യൂഡൽഹി: ഡൽഹി സർവകലാശാല പുതുതായി തുടങ്ങുന്ന രണ്ട് കോളേജുകളിൽ ഒന്നിന് ആർഎസ്‌എസ് നേതാവ് വി.ഡി സവ‌ർക്കറുടെ പേര് നൽകാൻ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗ തീരുമാനം. വെള‌ളിയാഴ്‌ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ഒരു കൂട്ടം ആളുകളുടെ പേരിൽ നിന്നാണ് ഒരു കോളേജിന് സവർക്കറുടെയും മ‌റ്റൊന്നിന് മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും പേര് നൽകിയതെന്ന് എക്‌സി‌ക്യൂട്ടീവ് കൗൺസിൽ അംഗം സീമ ദാസ് വെളിപ്പെടുത്തി.

സ്വാമി വിവേകാനന്ദൻ, മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുൾപ്പടെ ഒരുകൂട്ടം മഹാത്മാക്കളുടെ പേരിൽനിന്നാണ് വൈസ് ചാൻസിലർ യോഗേഷ് സിംഗ് ഇരുവരുടെയും പേര് തിരഞ്ഞെടുത്തതെന്നാണ് വിവരം. നജഫ്‌ഗർഗിലും ഫത്തേപൂർ ബേരിയിലുമാണ് കോളേജുകൾ തുടങ്ങുക. കഴിഞ്ഞ 25 വർഷമായി പുതിയ കോളേജ് ആരംഭിക്കാൻ ഡൽഹി സർവകലാശാലയ്‌ക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ സർവകലാശാല തീരുമാനത്തെ സെന‌റ്റ് അംഗമായ രാജ്‌പാൽ സിംഗ് പവാർ ഉൾപ്പടെ നിരവധി പേർ എതിർത്തതായും വിവരമുണ്ട്. തിരഞ്ഞെടുത്ത പേരുകളുള‌ള വ്യക്തികൾ പ്രത്യേക പ്രത്യയശാസ്‌ത്രത്തിൽ വിശ്വസിക്കുന്നവരാണെന്ന് രാജ്‌പാൽ വിമർശിച്ചു. അതേസമയം കോളേജിന് സവർക്കരുടെ പേരിട്ടാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എൻ‌എസ്‌യു ഡൽഹി പ്രസിഡന്റ് കുനാൽ ഷെരാവത്ത് മുന്നറിയിപ്പ് നൽകി.