ന്യൂഡൽഹി: രാജ്യത്ത് സ്വർണത്തിന്‍റെ വില ഉയരുമെന്ന് പ്രവചനം. 10 ഗ്രാം സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2,000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു.എസ് സമ്പദ്വ്യവസ്ഥയിലെ മാറ്റവും, ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക് ഇടയാക്കുമെന്നാണ് സൂചന.
എവർഗ്രാൻഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്-ചൈന ചർച്ച, കൊവിഡ് ഡെൽറ്റ വേരിയന്‍റ് കേസുകളടെ വർന എന്നിവയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചേക്കും. കൊവിഡിന് ശേഷം സ്വർണത്തിന്റേയും സ്വർണാഭരണങ്ങളുടെയും ഡിമാൻഡിൽ വർദ്ധനയുണ്ടായിട്ടുണ്ട്. സ്വർണത്തിന്‍റെ ഡിമാൻഡിൽ 47 ശതമാനവും ആഭരണങ്ങളുടേതിൽ 58 ശതമാനവും വർദ്ധനയുണ്ടായിട്ടുണ്ട്. ഈ ദീപാവലിക്ക് നിയന്ത്രണങ്ങളിൽ കുറവ് വന്നതിനാൽ സ്വർണത്തിന്‍റെ വിൽപന ഉയരുമെന്നാണ് സൂചന.