all-india-kissan-sabha

കഴിഞ്ഞ പതിനൊന്ന് മാസമായി ഡൽഹിയിൽ തുടരുന്ന കർഷക സമര വേദി സന്ദർശിച്ചതിന് ശേഷം മുൻമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പുകൾ കർഷക സമരത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് മലയാളികൾക്ക് നൽകിയത്. ഇപ്പോഴിതാ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻ സഭയുടെ പങ്ക് വിശദമാക്കുന്ന കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്ക് ചൊറിയാറുണ്ട്. ഇതിനെകുറിച്ച് തന്റെ മനസിൽ ഉണ്ടായിരുന്ന സംശയങ്ങൾ സിംഘു സന്ദർശനത്തോടെ മാറി, എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രവർത്തനങ്ങൾ പൂർണമായി വിശദമാക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം

"ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്കു ചൊറിയാറുണ്ട്. ആൾക്കൂട്ടമെല്ലാം മറ്റു സംഘടനകൾ കൊണ്ടുവരുന്നത്, അതിന്റെ മുന്നിൽ ചെങ്കൊടി പിടിക്കാൻ കുറച്ചുപേർ എന്ന അർത്ഥത്തിലുള്ള ഒട്ടേറെ കമന്റുകൾ വായിക്കാൻ ഇടവന്നിട്ടുണ്ട്. ഇങ്ങനെ നമ്മുടെ നിറം ഈ സമരത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് ഉപദേശിക്കുന്ന സുഹൃത്തുക്കളെയും വായിച്ചിട്ടുണ്ട്. സിംഘുവിലെ സന്ദർശനം ഇത്തരത്തിൽ എന്തെങ്കിലും സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവ പാടേ നീക്കി. അതുകൊണ്ടു ഞാൻ പറയുക- എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നിങ്ങളും ഡൽഹിയിലെ ഈ സമരഭൂമികൾ സന്ദർശിക്കണം എന്നാണ്.

കർഷക സംയുക്ത മോർച്ചയുടെ എക്സിക്യുട്ടീവ് കമ്മിറ്റി മീറ്റിംഗിനെക്കുറിച്ചു ഞാൻ പോസ്റ്റ് ഇട്ടിരുന്നൂവല്ലോ. അതിൽ അധ്യക്ഷത വഹിച്ചിരുന്നത് സ. അശോക് ധവാലെയാണ്. യഥാർത്ഥത്തിൽ സ. ഹനൻമുള്ളയാണ് 9 അംഗ ഉന്നതസമിതിയിലെ അംഗം. ഹനൻമുള്ളയുടെ അഭാവത്തിൽ ഈ സമിതിയിൽ കിസാൻസഭയുടെ മറ്റൊരു അംഗം പങ്കെടുക്കുന്നതിന് ആർക്കും എതിർപ്പില്ല. സ. ധവാലെ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുന്നതിനുപോലും. സ. വിജു കൃഷ്ണനും സ. പി. കൃഷ്ണപ്രസാദിനും ഇവരെപ്പോലെത്തന്നെ പൊതു അംഗീകാരം നേടാൻ കഴിഞ്ഞിട്ടുണ്ട്. സമരം തുടങ്ങി ഇന്നുവരെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും സമരരംഗത്ത് ഒഴിവ് എടുക്കാതെ നിലയുറപ്പിച്ചവരാണ് ഇവർ നാലുപേരും. ഇവർ നാലുപേരുടെ ചിത്രങ്ങളാണ് പോസ്റ്റിനോടൊപ്പമുള്ളത്.

500-ൽപ്പരം സംഘടനകൾ കിസാൻ സംയുക്ത മോർച്ചയിലുണ്ട്. പക്ഷെ അഖിലേന്ത്യാ കിസാൻ സഭയുടെ പങ്കാളിത്തവും സംഭാവനയും സവിശേഷമാണ്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കിസാൻ സഭ സംഘങ്ങൾ പല സന്ദർഭങ്ങളിലായി സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽനിന്നെല്ലാം പൂർണ്ണ കഴിവ് ഉപയോഗപ്പെടുത്തി കൃഷിക്കാരെ അണിനിരത്തിയിട്ടുണ്ട്. രാജസ്ഥാൻ ബോർഡറിലെ ഷാജഹാൻപൂർ സമരകേന്ദ്രം സ. ആംറാ റാമിന്റെ നേതൃത്വത്തിൽ രാജസ്ഥാനിലെ കിസാൻ സഭയാണു നടത്തുന്നത്. ഹരിയാനയിലെ കിസാൻ സഭ നേതൃത്വം മുഴുവൻ പൂർണ്ണസമയമുണ്ട്. ഇതിൽ എനിക്കു പരിചയമുള്ളത് മുൻ കേന്ദ്രകമ്മിറ്റിയംഗം സ. ഇന്ദ്രജിത് സിംഗാണ്.

കിസാൻ സമരവും സംയുക്ത ട്രേഡ് യൂണിയൻ സമരവും കോർത്തിണക്കുന്നതിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ ഐക്യദാർഡ്യ സമരങ്ങൾക്ക് ഏറ്റവും മുൻകൈയെടുത്തിട്ടുള്ളത് കിസാൻ സഭയാണ്. ഇത്തരത്തിലുള്ള പൂർണ്ണ സമരാർപ്പണമാണ് ഈ അംഗീകാരം നേടിക്കൊടുത്തിട്ടുള്ളത്.

അഖിലേന്ത്യാ കിസാൻ സഭ മാത്രമല്ല, ഒട്ടേറെ ഇടതുപക്ഷ കർഷക സംഘടനകൾ സജീവമായി രംഗത്തുണ്ട്. പഞ്ചാബിൽ നിന്നു മാത്രം 11 ഇടതുപക്ഷ സംഘടനകൾ സമരത്തിലുണ്ട്. ചിലർ പറഞ്ഞറിഞ്ഞത് പഞ്ചാബിൽ ഈ സമരം കാറ്റുപിടിപ്പിക്കുന്നതിനും ഡൽഹിയിലേയ്ക്കുള്ള മാർച്ചിലേയ്ക്കു കലാശിച്ചതിലും നിർണ്ണായ പങ്ക് ഉഗ്രവാഹൻ എന്ന വിശേഷണത്തോടെയുള്ള ഒരു തീവ്ര ഇടതുപക്ഷ കിസാൻ സംഘടനയ്ക്കാണെന്നാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സമരമാണ് ഡൽഹിയിൽ നടക്കുന്നത്.

500-ൽപ്പരം കർഷക സംഘടനകളുടെ ഐക്യവേദിയെന്ന ഒറ്റകാര്യം മതി ഈ സമരത്തെ വേറിട്ടതാക്കാൻ. ബിജെപി സർക്കാരുകളുടെ കൊടിയ മർദ്ദനങ്ങളെ അതിജീവിച്ചാണു കർഷകർ ഡൽഹി അതിർത്തിയിൽ എത്തിയത്. അസുഖംപിടിച്ചും മറ്റും മരിച്ചവരടക്കം 630 കർഷകർ ഇതുവരെ സമരത്തോടുബന്ധപ്പെട്ടു മരണമടഞ്ഞിട്ടുണ്ട്. ഡൽഹിയെ പ്രകമ്പനംകൊള്ളിച്ച സിഎഎ വിരുദ്ധസമരം കോവിഡിന്റെ പശ്ചാത്തലത്തിൽ അടിച്ചമർത്തിയപ്പോൾ കോവിഡിനെ വെല്ലുവിളിച്ചാണ് കർഷക സമരം മുന്നേറിയത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലും ലിംഘൂരിലെ കാർ കൊലപാതകത്തിലും മറ്റും നടന്നതുപോലുള്ള പ്രകോപനങ്ങളിലൊന്നും വീഴാതെ സമാധാനപൂർണ്ണമായ സമരമാണ്. വർഗ്ഗീയതയുടെ വേലിയേറ്റ കാലത്ത് മുഴുവൻ കൃഷിക്കാരും മതനിരപേക്ഷ നിലപാടിൽ ഒരുമിച്ചു ചേരുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ ഈ സമരം ചെലുത്തിയ സ്വാധീനം പരക്കെ അംഗീകരിക്കപ്പെട്ടു. ഇനി യുപി, പഞ്ചാബ് തെരഞ്ഞെടുപ്പാണ് നിർണ്ണായകമാകാൻ പോകുന്നത്. ഇത് ആർഎസ്എസിനും അറിയാം, കൃഷിക്കാർക്കും അറിയാം. ഇതിന്റെ പശ്ചാത്തലത്തിൽ നവംബർ 26-ലെ സമരത്തിന്റെ ഒന്നാം വാർഷികവും അനുബന്ധ സമരപരിപാടികളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ഇന്ത്യാ രാജ്യത്തൊന്നും നടക്കില്ലായെന്നു തുടങ്ങിയ നിരാശാചിന്തകൾ ഈ സമരത്തിൽ നിങ്ങൾ പങ്കെടുത്താൽ മാറിക്കിട്ടും."