ലണ്ടൻ: സാമ്പത്തികമായി പിന്നാക്കം നില്കുന്ന രാജ്യങ്ങൾക്ക് രണ്ടുകോടി അസ്ട്രസെനക വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇതിൽ ഒരു കോടി ഡോസ് യു.എന്നിന്റെ കോവാക്സ് വാക്സിൻ ഷെയറിങ് പദ്ധതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും ബാക്കി ഒരു കോടി വാക്സിൻ ഡോസുകൾ വരും ആഴ്ചകളിലായി നല്കുമെന്നും ബോറിസ് കൂട്ടിച്ചേർത്തു. 2022 പകുതിയോടെ വിവിധ രാജ്യങ്ങൾക്ക് 10 കോടി വാക്സിൻ ഡോസുകൾ നൽകാനുള്ള ബ്രിട്ടന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.2022 ഓടെ മുഴുവൻ രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാൻ ജി 20 രാജ്യങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ബോറിസ് അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങളിൽ നിലനില്ക്കുന്ന വാക്സിൻ അസമത്വം ഇല്ലാതാക്കാൻ സമ്പന്ന രാജ്യങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ലോകാരോഗ്യ സംഘടന വിമർശിച്ചിരുന്നു. അതേ സമയം വാക്സിനേഷനിൽ പിന്നിൽ നില്ക്കുന്ന രാജ്യങ്ങൾക്ക് 20 കോടി വാക്സിൻ കൊവാക്സ് പദ്ധതിയിലൂടെ നല്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഇതിൽ 1 കോടി മൊഡേണ വാക്സിൻ എത്രയും വേഗം കൈമാറാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ ദക്ഷിണാഫ്രിക്കയിലെ വാക്സിൻ ഉത്പാദനത്തിന് വേണ്ടി 15 മില്യൺ ഡോളറിന്റെ സഹായം നല്കുമെന്നും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.