ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കടന്നുകയറി വീണ്ടും ചൈനീസ് പ്രകോപനം. അസാഫ് മേഖലയിൽ കൈയേറിയ ചൈനീസ് സൈന്യം ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പട്രോളിംഗ് ആരംഭിക്കുകയും ചെയ്‌തതായാണ് വിവരം. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യൻ സംസ്ഥാനമാണ് അരുണാചലെങ്കിലും തങ്ങളുടെ അധീനതയിലുളള ടിബറ്റൻ മേഖലയിൽ പെട്ട സ്ഥലാമാണിതെന്നാണ് ചൈന ഉന്നയിക്കുന്ന തർക്കം. ഇതിന്റെ പേരിൽ ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്‌ച അരുണാചലിലെ കമെംഗ് നദി പൂർണമായും കറുപ്പ് നിറമായി. മീനുകൾ ചത്തുപൊങ്ങുകയും ചെയ്‌തു. ഈ മീനുകൾ ഭക്ഷിക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജലത്തിലെ ടിഡിഎസ് അളവിലെ വ്യതിയാനമാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ഇതിന് കാരണമായി പറയുന്നത് ചൈനയെയാണ്. ഇവിടെ അതിർത്തിയ്‌ക്കടുത്ത് ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തികളാണ് ടിഡിഎസ് അളവ് വർദ്ധിക്കാനിടയായത്.
സംഭവത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാരിനോട് സെപ്പ ഈസ്‌റ്റ് എംഎൽഎ ടപുക് ടകു ആവശ്യപ്പെട്ടു. സ്ഥലത്തെ ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യവും പ്രവർത്തികളും ഇന്ത്യ സാറ്റലൈറ്റ് വഴിയും റഡാർ പോലുളളവ ഉപയോഗിച്ചും നിരീക്ഷിച്ചു വരികയാണ്. 2017ലും അരുണാചലിൽ സിയാംഗ് നദിയിലും ഇതുപോലെ വെളളം കറുപ്പ് നിറമാകുകയും മലിനമാകുകയും ചെയ്‌തിരുന്നു. ഇതിനുപിന്നിലും ചൈനയായിരുന്നു. എന്നാൽ ചൈനീസ് അധികൃതർ ഈ ആരോപണം നിഷേധിച്ചിരുന്നു.