yogi

ന്യൂഡൽഹി‌‌‌‌‌‌‌‌‌‌‌‌‌‌‌‌: ഭഗവാൻ ശ്രീരാമൻ സംസ്ഥാനത്തെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും, രാമനെ എതിർത്തവർ നിർഭാഗ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഞങ്ങൾ ഒരിക്കലും ശ്രീരാമനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. രാമനെ എതിർത്തവർക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയിൽ ഒരു മാദ്ധ്യമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ച് സംസാരിച്ച യോഗി, കാബൂളിൽ നിന്നടക്കം ലോകത്തിലെ വിവിധ പുണ്യനദികളിൽ നിന്നുള്ള ജലം ക്ഷേത്രത്തിലേക്ക് അയച്ചിരുന്നു. ഭീകരതയുടെ നിഴലിൽ ജീവിക്കുന്ന സ്ത്രീകൾക്ക് (അഫ്ഗാനിസ്ഥാനിൽ) ശ്രീരാമനിൽ വളരെയധികം വിശ്വാസമുണ്ട്. അവരുടെ വിശ്വാസത്തെ മാനിക്കാൻ, പ്രധാനമന്ത്രി മോദി തന്നെ കാബൂളിൽ നിന്ന് എത്തിച്ച ജലം നൽകാൻ എന്നെ അയോദ്ധ്യയിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

രാമരാജ്യമെന്നാൽ ദൈവശാസ്ത്രപരമായ രാഷ്ട്രമല്ലെന്നും ദരിദ്രർക്ക് എല്ലാ സൗകര്യങ്ങളും നൽകുന്ന തരത്തിലുള്ള ഭരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദീപാവലി ഗംഭീരമായി ആഘോഷിക്കുമെന്നും യോഗി പറഞ്ഞു. 2017ൽ 51,000 വിളക്കുകൾ തെളിച്ചാണ് ഞങ്ങൾ ദീപോത്സവം ആഘോഷിച്ചത്. ഈ വർഷം റാം കി പൈഡിയിൽ തന്നെ ഒമ്പത് ലക്ഷം വിളക്കുകൾ തെളിയിക്കും. ഈ വിളക്കുകളെല്ലാം ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ എല്ലാ സർക്കാർ ജീവനക്കാരോടും ജനപ്രതിനിധികളോടും പാവപ്പെട്ട കുടുംബങ്ങളിൽ എത്തിച്ചേരാനും അവരോടൊപ്പം ദീപാവലി ആഘോഷിക്കാനും യോ​ഗി അഭ്യർത്ഥിച്ചു. എട്ട് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, സംഭവം ദൗർഭാഗ്യകരമാണെന്നും പൊലീസിന്റെ പ്രത്യേക അന്വേഷണ (എസ്.ഐ.ടി) സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. സർക്കാരിന്റെ ഉദ്ദേശം വ്യക്തമാണ്, നിയമം ആരൊക്കെ ലംഘിച്ചാലും നിയമം മൂലം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നേടിയ വിജയം ആഘോഷിച്ച ഏതാനും പേരെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിച്ച യോഗി, ഇന്ത്യയിൽ താമസിച്ച് പാക്കിസ്ഥാനെ മഹത്വവൽക്കരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ലജ്ജാകരമായ പ്രവൃത്തി യു.പിയുടെ മണ്ണിൽ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.