കൊവിഡ് പ്രതിസന്ധിയിൽ ദീർഘമായ അടച്ചിടലിനുശേഷം കുട്ടികൾ സ്കൂളിലെത്തുകയാണ്. കൊവിഡിന് പൂർണ ശമനമുണ്ടാകാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകും. അദ്ധ്യാപകരും അനദ്ധ്യാപകരും കുട്ടികളും എൻ.95 മാസ്ക് തന്നെ ധരിക്കുന്നതാണ് സുരക്ഷിതം. കുട്ടികൾ മാനസികമായി ഒറ്റപ്പെടാതെ ശ്രദ്ധിക്കുകയും വേണം. അദ്ധ്യാപകരും തങ്ങളുടെ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം കുട്ടികളിലുണ്ടാവണം.
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ എത്തും വരെ കുട്ടികളെ നിരീക്ഷണത്തിലാക്കാനുള്ള മികച്ച സൗകര്യം സ്കൂളിൽ ഉണ്ടായിരിക്കണം. കുറച്ച് ദിവസം കഴിയുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികൾ തെറ്റിക്കാൻ സാദ്ധ്യതയുണ്ട്. കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കാനോ ഭക്ഷണം പങ്കുവയ്ക്കാനോ അനുവദിക്കരുത്. സോപ്പിട്ട് കൈകഴുകലും സാനിറ്റൈസർ ഉപയോഗവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ദീർഘകാലയളവിലെ അടച്ചുപൂട്ടലിനുശേഷം എത്തുന്ന കുട്ടികളിൽ ഉടലെടുത്ത മാനസിക പ്രശ്നങ്ങൾ മനസിലാക്കാനും അവ പരിഹരിക്കാനുള്ള നടപടികളും കൗൺസിലിംഗ് സൗകര്യവും സ്കൂളിൽ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
എം. ജോൺസൺ റോച്ച്
ചൊവ്വര ,
ബാലരാമപുരം.