bjp

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി റദ്ദാക്കിയതിന് പിന്നിൽ തട്ടിപ്പെന്ന് ബിജെപി നേതാവ്. സംസ്ഥാനത്ത് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തിയ സർവേയിൽ കണ്ടെത്തിയ മൂന്നരലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയിലാണ് തട്ടിപ്പ് നടന്നതായി ആരോപണമുയർന്നത്.

പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീറാണ് ഈ ആരോപണം ഉന്നയിച്ചത്. പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ സമാഹരിച്ചത്. പക്ഷെ ഈ പദ്ധതി തന്നെ സർക്കാർ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസവകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കിയെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് പിന്നാക്ക വിദ്യാർത്ഥികൾ പഠന പ്രക്രിയക്ക് പുറത്തായിരുന്നു. കുട്ടിക്കൾക്കായി പിരിച്ച പണം അവർക്ക് വേണ്ടി ഉപയോഗിക്കാതെ തട്ടിയെടുക്കുകയാണ് ചെയ്‌തിരിക്കുന്നത്. സ്‌കൂൾ അദ്ധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണ്.

വിദ്യാഭ്യാസ മേന്മയെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോൾ ലക്ഷക്കണക്കിന് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തായിരുന്നെന്നും ഇത് ഭരണഘടനാമൂല്യങ്ങളുടേയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ലംഘനമാണെന്നും സുധീർ ആരോപിച്ചു. പഠിക്കാനുള‌ള സാഹചര്യമില്ലാതെ രണ്ട് ദളിത് പെൺകുട്ടികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആത്മഹത്യ ചെയ്‌തിട്ടും സർക്കാർ ഒന്നും ചെയ്തില്ല. സ്‌പോൺസർമാരുടെ ഔദാര്യത്തിനും വായ്‌പാ പദ്ധതികൾക്കും പാവപ്പെട്ട കുട്ടികളെ വിട്ടുകൊടുക്കാതെ സർക്കാർ നേരിട്ട് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

കുടുംബശ്രീ യൂണിറ്റുകളെയും കെഎസ്എഫ്ഇയെയും സംയോജിപ്പിച്ചു കൊണ്ട് പ്രതിമാസം 500 രൂപ അടച്ച് കുട്ടികൾക്ക് ലാപ്പ്‌ടോപ്പ് നൽകുന്ന പദ്ധതിയിൽ പങ്കാളികളായ ഒന്നര ലക്ഷം കുട്ടികളിൽ കേവലം രണ്ടായിരം കുട്ടികൾക്ക് മാത്രമാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്‌തതെന്നും വിദ്യാകിരണം പദ്ധതിക്ക് വേണ്ടി എത്ര രൂപ സമാഹരിച്ചുവെന്ന് സർക്കാർ പുറത്ത് വിടണമെന്നും സുധീർ ആവശ്യപ്പെട്ടു.